നൂറു കോടി രൂപയോളം തട്ടിപ്പ് നടത്തിയ ജി ആൻഡ് ജി ഫിനാൻസ് കേസിൽ മൂന്നാം പ്രതി സിന്ധു വി നായരും അറസ്റ്റിലായി

ഒന്നരവർഷമായി ഇവർ ഒളിവിലായിരുന്നു. തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിലുള്ള കൊയിലപ്പാളയത്ത് നിന്നാണ് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്.കൊയിലപ്പാളയത്ത് ഫ്ലാറ്റിൽ യോഗാ പരിശീലക എന്ന രീതിയിൽ ഒറ്റയ്‌ക്കു കഴിയുകയായിരുന്നു ഇവർ. നാഗർകോവിലിൽ ഒളിവിൽ കഴിഞ്ഞശേഷം ഒരുമാസം മുൻപാണ് ഇവിടെ ഫ്ലാറ്റ് എടുത്തത്.

ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത ഇവരെ അഞ്ചു മണിയോടെ തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഇന്ന് പത്തനംതിട്ട കോടതിയിൽ എത്തിക്കും . പല ജില്ലകളിലായി 876 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ ഡി.ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി.നായർ എന്നിവർ 2024 ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നു.

നാലാം പ്രതിയും ഗോവിന്ദിന്റെ ഭാര്യയുമായ ലക്ഷ്മി ലേഖകുമാർ ഇതുവരെ പിടിയിലായിട്ടില്ല. ഇവർ വിദേശത്തേക്ക് കടന്നെന്നാണ് സൂചന. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകളാണ് പ്രവർത്തിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ട് കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെയാണ് പലിശ വാഗ്ദാനം ചെയ്തത്.

RELATED STORIES