കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്
Reporter: News Desk 07-Feb-20251,272

വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.
കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെട്ടിടനിര്‍മ്മാണരംഗം മുതല്‍ തെരുവില്‍ പച്ചക്കറികളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്നത് വരെയുള്ള ജോലികളില്‍ ഈ ഭായിമാര്‍ നിറഞ്ഞിരിക്കുന്നു. ഇവര്‍ കുടുംബത്തോടെയാണ് എത്തുന്നതെന്നതിനാല്‍ സ്ത്രീകളും ഉണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കേരളത്തിലാകട്ടെ മയക്കമരുന്ന് മുതല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വരെ സ്വാധീനം വര്‍ധിച്ചുവരികയാണ്.
ഇക്കഴിഞ്ഞ ദിവസം ഏറണാകുളം ജില്ലയിലെ പിറവം താലൂക്കിലെ മന്നത്ത് നിന്നും 27 ബംഗ്ലാദേശ് ഭായിമാരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ആഴമില്ലാത്ത ഒരു നദി മുറിച്ച് കടന്നാണ് ഇവര്‍ ബംഗാളില്‍ എത്തിയത്. അവിടെ നിന്നാണ് കേരളത്തില്‍ എത്തിയത്. ഇത്തരക്കാരെ കേരളത്തില്‍ എത്തിക്കാന്‍ ബംഗാളില്‍ പ്രത്യേക ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എറണാകുളം റൂറല്‍ പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ബംഗ്ലാദേശികളെ കണ്ടെത്തി നാടുകടത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 27 പേരെ കണ്ടെത്തി പൊക്കിയത്. ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച രഹസ്യവിവരം നല്കിയത്. ഇത് പ്രകാരം സയീദ് മുഹമ്മദ് എന്നയാളുടെ കെട്ടിടം 100 പൊലീസുകാരാണ് വളഞ്ഞത്. സ്വദേശിയായ ഹര്‍ഷദ് ഹുസൈന്‍ എന്ന ഒരാളുടെ പേരിലാണ് ഇവര്‍ കെട്ടിടം വാടകയ്‌ക്കെടുത്തത്. ഈ ബംഗ്ലാദേശികള്‍ ഒരു കോണ്‍ട്രാക്ടര്‍ക്ക് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതുവരെ 35 പേരെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. 28 വയസ്സായ തസ്ലിമ ബീഗം എന്ന ബംഗ്ലദേശുകാരിയെ രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറഞ്ഞു.
അസമില്‍ പൗരത്വ രജിസ്ട്രി ആരംഭിച്ചതിനാല്‍ അനധികൃതമായി അവിടെ തങ്ങുന്ന ബംഗ്ലാദേശികളും കേരളത്തിലേക്ക് ഒഴുകുന്നുവെന്ന് പറയുന്നു. കേരളം അതിഥിത്തൊഴിലാളികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഇവര്‍ മറയാക്കുന്നത്. ഇവര്‍ അസമില്‍ നിന്നും ആദ്യം കേരളത്തിലേക്കും അവിടെ നിന്ന് ചിലപ്പോള്‍ കര്‍ണ്ണാടകത്തിലേക്കും തെലുങ്കാനയിലേക്കും കുടിയേറുമെന്നും പറയുന്നു. കര്‍ണ്ണാടകയില്‍ കുടക് പൊലുള്ള എസ്റ്റേറ്റുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് ജോലികിട്ടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ജോലി ലഭിക്കൂ. അതിനാല്‍ വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുക എന്നതാണ് പ്രധാന പരിപാടി.
ബംഗ്ലാദേശിലെ ഏജന്‍റുമാര്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കുന്നത്. മുന്‍പൊക്കെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ എത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കൂട്ടത്തോടെ കൂടുതല്‍ പേര്‍ എത്തുന്നതോടെ ഈ രജിസ്ട്രേഷന്‍ പഴയതുപോലെ നടക്കുന്നില്ല. ഇത് ഇവരെ പിടികൂടിയാല്‍ തന്നെ മേല്‍വിലാസം ലഭിക്കുന്നതിന് തടസ്സമാകുന്നു.
നല്ല കൂലി കിട്ടും എന്നതാണ് കേരളത്തിലേക്ക് ഇവര്‍ കൂട്ടത്തോടെ ഒഴുകുന്നത്. മാത്രമല്ല, മര്യാദയുള്ള സാമൂഹ്യഅന്തരീക്ഷവും ഇവരെ ആകര്‍ഷിക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ തന്നെ 75 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി സര്‍ക്കാര്‍ രേഖകളിലുണ്ട്. രേഖകളില്ലാതെയും പലരും കേരളത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച സ്ഥിതിയുണ്ട്.
സംഘമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങള്‍ കേരളത്തിന്‍റേതല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇവിടെ ഭായിമാരുടെ തനതായ നിയമമാണെന്നും കഞ്ചാവ് വില്‍പനയും ലൈംഗികത്തൊഴിലും ഉള്‍പ്പെടെയുള്ള അസന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്ന ഇടമാണെന്നും പരാതിയുണ്ട്.