കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

മേല്‍മൂടിയില്ലാത്ത കിണറ്റില്‍ എത്തി നോക്കുന്നതിനിടെ വീണാണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.

രണ്ട് വയസുകാരിയായ സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റില്‍ വീണത്. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വ്വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നേഴ്‌സറി വിട്ട് എത്തിയ കുട്ടി രണ്ട് വയസുള്ള സഹോദരി ദ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ദ്രുവന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണത്.

പെയിന്റിങ് തൊഴിലാളിയായ അച്ഛന്‍ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികള്‍ കഴുകുകയായിരുന്നു. തിരിച്ചെത്തിയ ശേഷം ദ്രുവനെ തിരക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. ആര്യ വീടിനു ചുറ്റും മകനെ അന്വേഷിച്ചു നടന്നു. ഒടുവില്‍ കിണറിന് സമീപത്ത് കസേര ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആര്യ സമീപവാസികളെ കൂട്ടി അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയെത്തി കുഞ്ഞിനെ പുറത്തെടുത്ത് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റില്‍ കിടന്നെന്നാണ് വിവരം. സംസാര ശേഷി ഇല്ലാത്ത ദ്രുവന്‍ വീടിന് സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുമ്പ് ദ്രുവന്‍ തന്റെ പാവക്കുട്ടിയെ കിണറിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറ്റിലേക്ക് നോക്കിയതെന്നും പൊലീസ് പറയുന്നു. നേമം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES