തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ഞായറാഴ്ച വൈകീട്ട് ആറുമണിക്കുശേഷമാണ് സംഭവം. തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന അഞ്ചു യാത്രാവിമാനങ്ങളെ കൊച്ചിയിലേക്കും വായുസേനയുടെ രണ്ട് വിമാനങ്ങളെ കൊച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുവിട്ടു.

സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് രാത്രി 7.30-ഓടെ ഏഴുവിമാനങ്ങളും തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി. ഡല്‍ഹി, മുംബൈ, ബെംഗളൂരു, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുമെത്തിയ യാത്രാ വിമാനങ്ങളെയും വായുസേനയുടെ രണ്ടു വിമാനങ്ങളെയുമാണ് തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ പുനര്‍നിര്‍മാണം ജനുവരി 14-ന് തുടങ്ങിയിരുന്നു. 3374 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ റീകാര്‍പ്പറ്റിങ് അടക്കമുള്ള ജോലികള്‍ മാര്‍ച്ച് 29-നാണ് പൂര്‍ത്തിയാക്കുക.

രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് ആറുവരെ റണ്‍വേ അടച്ചിട്ടാണ് നിര്‍മാണം നടത്തുന്നത്. റണ്‍വേ തിരിച്ചറിയുന്നതിന് അതിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ (എയര്‍ഫീല്‍ഡ് ലൈറ്റുകള്‍) ഓഫാക്കിയശേഷമാണ് നിര്‍മാണം നടത്തുന്നത്. തുടര്‍ന്ന് ഇവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയപ്പോള്‍ സാങ്കേതികത്തകരാര്‍ സംഭവിച്ചെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കിയ വിശദീകരണം.

RELATED STORIES