സംസ്ഥാനത്ത് മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്താനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഐഎം ഊര്‍ജ്ജസ്വലമാണ്. പശ്ചിമ ബംഗാളിലും നല്ല പ്രകടനം കാഴ്ചവെക്കും. ആര് മുഖ്യമന്ത്രിയാവണമെന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും. ഞാനല്ല.', മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തവണയും മുഖ്യമന്ത്രിയാവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

നിക്ഷേപ ഉച്ചകോടിയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഇത് കേരളത്തിന്റെ വികസനത്തില്‍ ഊന്നിയുള്ളതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കാത്ത നിക്ഷേപങ്ങളെയാണ് സംസ്ഥാനം സ്വാഗതം ചെയ്യുന്നത്. ഒരു വശത്ത് കുന്നുകളും മറുവശത്ത് നദികളും ഉള്ള ഒരിടമാണ് കേരളം. വ്യവസായങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ഒരു ലാന്‍ഡ്-പൂളിംഗ് സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.


RELATED STORIES