കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി കേരളത്തിലേക്കും

ഹൈഡ്രജന്‍ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളില്‍ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓടിക്കാനാണ് തീരുമാനം. കേരളത്തില്‍ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജന്‍ ബസുകളുടെ സര്‍വീസ് നടത്തുക.

ഒമ്പത് ഹൈഡ്രജന്‍ റീഫില്ലിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി വരും. നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റേതാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ പദ്ധതി പൂര്‍ത്തിയാക്കുന്നത്. 15 എണ്ണം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും 22 എണ്ണം ഇന്റേണല്‍ കംബഷന്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ഗ്രേറ്റര്‍ നോയിഡ-ഡല്‍ഹി-ആഗ്ര, ഭുവനേശ്വര്‍-കൊണാര്‍ക്ക്-പുരി, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡല്‍ഹി, പൂനെ-മുംബൈ, ജംഷഡ്പൂര്‍-കലിംഗ നഗര്‍, തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി, ജാംനഗര്‍-അഹമ്മദാബാദ്, NH-16 വിശാഖപട്ടണം-ബയ്യവാരം എന്നിവയാണ് തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകള്‍. ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, അശോക് ലെയ്ലാന്‍ഡ്, എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസിഎല്‍, അനര്‍ട്ട് തുടങ്ങിയ കമ്പനികള്‍ക്കാണ് നടത്തിപ്പു ചുമതല.

അടുത്ത 18-24 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 208 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുദ്ധമായ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുക, ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഹൈഡ്രജന്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യക്ക് മികച്ച സ്ഥാനം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളുമായി 2023 ജനുവരി 4-നാണ് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ ആരംഭിച്ചത്.


RELATED STORIES