ഡോ. ഓമന റസ്സലിന് ഹാർവെസ്റ്റ് അക്കാദമിക് എക്സലൻസ് അവാർഡ് ലഭിച്ചു
Reporter: News Desk 07-Mar-2025263

കാലടി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറും ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ സീനിയർ അക്കാദമിക് ഫെലോയുമായ ഡോ. ഓമന റസ്സലിന് ‘ ഹാർവെസ്റ്റ് അക്കാദമിക് എക്സലൻസ് ‘ അവാർഡ് നൽകി ആദരിക്കുന്നു.
ക്യാഷ് അവാർഡും ഫലകവുമാണ് അവാർഡ്. ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ കോളേജ് പ്രസിഡന്റ് റവ. ബാബു ജോണാണ് അവാർഡ് പ്രഖ്യാപിച്ചത്. മാർച്ച് 10-16 വരെ നടക്കുന്ന നാഷണൽ കൺവൻഷനിൽ വച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.
35 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ഓമന എക്കണോമിക്സിലും സോഷ്യോളജിയിലും ഹിസ്റ്ററിയിലും എം.എ ബിരുദങ്ങൾ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എടുത്തു. തുടർന്ന് ബി. എഡും എം.ഫിലും കരസ്ഥമാക്കി.
2005-ൽ ‘ Economic Development of Cochin During the British Colonial period’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും പി.എച്ച്ഡി ലഭിച്ചു.
2003-ൽ ലണ്ടൻ ബ്രിട്ടീഷ് ലൈബ്രറിയിൽ ഗവേഷണം നടത്തിയാണ് പഠനം പൂർത്തിയാക്കിയത്. 2005-ൽ ഇൻ്റർനാഷണൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലണ്ടനിൽ ബൈബിൾ പഠനവും നടത്തി. അമേരിക്കയിൽ ടെന്നസി ലീ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
അമേരിക്കയിൽ വിവിധ സെമിനാറുകളിലും യു.എ.ഇ യിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാനഡയിലെ ലൊറൻഷ്യൻ യൂണിവേഴ്സിറ്റിയും ഒൻ്റാറിയോ ഇൻ്റർനാഷണൽ ഡവലപ്പ്മെൻ്റ് ഏജൻസിയും സംയുക്തമായി ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ നടത്തിയ അന്താരാഷ്ട്ര സെമിനാറിൽ ‘ Sustainable Development ‘ നെപ്പറ്റി പ്രഭാഷണം നടത്തുകയുണ്ടായി.
40-ലധികം ഗവേഷണ ലേഖനങ്ങൾ ദേശീയ അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിഭാഷ ചെയ്ത ഒരു പുസ്തകം അടക്കം നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
സിങ്കപ്പൂർ, യിസ്രായേൽ, ഈജിപ്റ്റ്, ജോർദ്ദാൻ, പാലസ്റ്റീനിയൻ പ്രദേശങ്ങൾ എന്നിവ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനുമാണ് ‘ ഇംഗ്ലണ്ടിലെ പി.എച്ച്ഡി പഠനം, യു എസ് ലീ യൂണിവേഴ്സിറ്റി അദ്ധ്യാപനം, ഏഥൻസ് സന്ദർശനം എന്നിവയ്ക്കെല്ലാം ധനസഹായം അനുവദിച്ചത്.
2016-ൽ കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ‘ സീനിയർ അക്കാദമിക് ‘ ഫെലോയായി തെരത്തെടുത്തു. തുടർന്ന് ‘Nursed Bonds and Siphoned Service : Hybrid Identity among the Kerala Female Nurses in the USA’എന്ന വിഷയത്തെ അധികരിച്ചുള്ള പഠന റിപ്പോർട്ട് ഐ.സി.എച്ച്.ആറിന് സമർപ്പിച്ചു. 11,44,000/- രൂപയായിരുന്നു ഫലോഷിപ്പായി കേന്ദ്ര സർക്കാർ നൽകിയത്.
കേരള യൂണിവേഴ്സിറ്റിയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും സംസ്കൃത സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ.