പാസ്റ്റർ അനിൽ കൊടി ത്തോട്ടം വെള്ളാപ്പള്ളിക്ക് നൽകിയ മറുപടി
Reporter: News Desk 30-Mar-2025215

ഈഴവസദ്യക്ക് പപ്പടം കാച്ചണമെങ്കിൽ സവർണ്ണഅധികാരികളുടെ അനുവാദം വേണമായിരുന്നു കേരളത്തിൽ. ഓലക്കീർ മുകളിലിട്ട് മടലു കെട്ടി മേഞ്ഞ തട്ടുപന്തൽ മാത്രമേ കല്യാണത്തിന് ഇടാവൂ. ആറു കാലി പന്തലിടാനും നാലുതരം കറിക്കൂട്ട് സദ്യ നടത്താനും മഹാരാജാവിന് പ്രത്യേക ചുങ്കം നൽകി അനുമതി വാങ്ങണം…..
1916 തുലാം മാസം 1 ന് പെരിങ്ങാട്ടുകരയിൽ ഒരു തീയന്റെ വീട്ടിൽ വാദ്യഘോഷങ്ങളോടെ കല്യാണം നടത്തിയതിന് അന്വേഷണവു അതിനു പിന്നാലെശിക്ഷയുമുണ്ടായി.( പി. ഭാസ്കരനുണ്ണി : പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം p. 37 .38 )
കേരളം കണ്ട മഹാനായ കവി കുമാരനാശാനെ ചാവർകോട്ട് കുഞ്ഞു ശങ്കരൻ തന്റെ മകളുടെ കല്യാണത്തിനു ക്ഷണിച്ച തനുസരിച്ച് വില്ലുവണ്ടിയിൽ വന്ന മഹാകവിയെ ജാതിവാദികളുടെ സമ്മർദ്ദത്താൽ ക്ഷമാപണം നടത്തി കുഞ്ഞു ശങ്കരൻ തിരിച്ചയച്ചതും ഭാസ്കരനുണ്ണി വിവരിക്കുന്നു. (P. 37 )
ഈഴവൻ തന്റെ വീടിനെപ്പറ്റി മേലാളനോട് പറയുമ്പോൾ വീട് , എന്നു പറയാതെ “ചാണകക്കുണ്ട” എന്നു പറയണം. ( വില്യം ലോഗൻ – മലബാർ മാന്വൽ P80)ഉപ്പിന് പറയേണ്ടുന്ന പേര് ” പുളിച്ചത്” എന്നാകണം. ഉപ്പ് എന്നു പറഞ്ഞ തീയരെ തെങ്ങിൽ കെട്ടിയിട്ട് തല്ലിക്കൊന്ന നാടാണിത്.
സ്വന്തമായി കാറുണ്ടായിരുന്ന ആലങ്ങാട്ട് ചാന്നാന് ( തിരുവിതാംകൂറിൽ അന്ന് ആകെ 2 പ്രൈവറ്റ് കാർ ) മാവേലിക്കര ക്ഷേത്ര ത്തിനു മുമ്പിലെ റോഡിലൂടെ യാത്ര പാടില്ല നായരായ ഡ്രൈവർ ആ കടമ്പ കടക്കും മുമ്പ് ചന്നാൻ കാറിൽ നിന്നും ഇറങ്ങി കുറുക്കുവഴി കടന്ന് കാറിനടുത്ത് വരണം പോൽ. തിരുനക്കര ക്ഷേത്ര മുമ്പിലെ വഴിയിൽ ഈഴവർ ആദിയായ പിന്നോക്കർ വഴി നടക്കരുതെന്ന തീണ്ടാപ്പാട് പലക ഉണ്ടായിരുന്നു.
ഈഴവർ – മറ്റു പിന്നോക്കർ , ദലിതർ , ചാതുർവർണ്യത്തിലെ നാലാം നമ്പർ ജേഴ്സിയണിഞ്ഞ നായർ ( ശൂദ്രർ ) പോലും മനുസ്മൃതിയും ശങ്കര സ്മൃതിയുമൊക്കെ മുമ്പോട്ടുവച്ച ബ്രാഹ്മണിക്കൽ ഒലി ഗാർക്കിയയുടെ മനുഷ്യാവകാശ നിഷേധങ്ങളുടെ ഇരകളായിരുന്നു.
“ചന്തമോടെ ഭൂമി തന്റെ ബ്രാഹ്മണർക്കു നൽകുവാൻ ഭാർഗ്ഗവനായ് വന്നുദിച്ച ….” രാമനു പാഹിമാം പാടുന്ന വെള്ളാപ്പള്ളി ആദിയായ ഈഴവനും ദലിതനും അർത്ഥമറിയാതെ ആലാപനത്തിൽ മുഴുകുകയാണോ അതോ പരശുരാമന്റെ ഭൂപരിഷ്കരണബില്ലിലെ 100 % ബ്രാഹ്മണ മാത്ര സംവരണം കണ്ടില്ലെന്നു നടിക്കയാണോ?
ഈഴവർ ഹിന്ദുക്കളല്ല സ്വതന്ത്ര സമുദായമാണെന്നു വാദിച്ച സി. കേശവന്റെ പിൻമുറക്കാർ ആളും അർത്ഥവും ആർജ്ജിച്ചപ്പോൾ ഹിരണ്യഗർഭത്തിലൂടെ ബ്രാഹ്മണനാകാമെന്ന് വെള്ളാപ്പള്ളി ചിന്തിച്ചു വശായോ?
നായാടി മുതൽ നമ്പൂരി വരെ ഒന്നിക്കണമെന്ന വാശിയോടെ പെരുന്ന ആസ്ഥാനത്തിന്റെ തിണ്ണ കയറി ഇറങ്ങിയിട്ട് 2പതിറ്റാണ്ട് കഴിഞ്ഞിട്ടും എന്തേ സുകുമാരൻ നായർക്ക് നടേശശ്രീയോട് അടുക്കാനൊരു വൈക്ലബ്ബ്യം?
ഇനി മതപരിവർത്തനത്തിലേക്ക് വരാം , 25000 ൽ പരം ഈഴവർ CSI യിലേക്ക് ചേരാൻ തയ്യാറായി കോട്ടയത്ത് വന്ന് ഹെൻറി ബേക്കറെ കാണുകയും ആശയപരമായ ഉള്ളടക്ക സ്വാംശീകരണമില്ലാതൊരാൾ ക്രൈസ്തവനാകുന്നതിൽ അർത്ഥമില്ല എന്ന് മൊഴിഞ്ഞ് അവരെ തിരിച്ചയച്ച ചരിത്രമറിയുമോ?
ക്രൈസ്തവ സഭയിൽ പതിനായിരക്കണക്കിന് ഈഴവർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. ശ്രീ. വെള്ളാപ്പള്ളിയുടെ രക്ത ബന്ധത്തിൽപ്പെട്ട ചിലർ ഞങ്ങൾക്കൊപ്പമുണ്ട് . മലയാളത്തിന്റെ മഹാ സംഗീതജ്ഞൻ അർജ്ജുനൻ മാസ്റ്ററുടെ മകളും മരുമകനും IPC സഭയിൽ പാസ്റ്ററൽ മിനിസ്ടി ചെയ്യുന്നു. ഇവരൊക്കെ പണം വാങ്ങി പെന്തക്കോസ്തായി എന്നു പറയുവാൻ തെളിവെന്ത് സുഹൃത്തേ.
വെറുതെ വസ്തുതകൾ അറിയാതെ അതുമിതും വിളിച്ചു പറയരുത് കുറഞ്ഞ പക്ഷം സഹോദരൻ അയ്യപ്പൻ , സി.വി. കുഞ്ഞുരാമൻ , സി കേശവൻ തുടങ്ങി സ്വന്തം സമുദായത്തിലെ മഹാശയന്മാരുടെ പുസ്തകങ്ങളെങ്കിലും വായിക്കാൻ തയ്യാറാവുക.