കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് 5000 രൂപാ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് ലൈസന്‍സ് ഇല്ലെന്നാണ് പാലക്കാട് എസ്പിയുടെ മറുപടി. കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ അറിയിച്ചിട്ടുണ്ട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്താണ് ഇടതുസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ റാലി നടത്തിയത്. ട്രാക്ടര്‍ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചു തന്നെയായിരുന്നു സുരേന്ദ്രന്റെ വരവ്. എറണാകുളം ശ്രീമൂലനഗരം സ്വദേശിയും,

എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ഫസല്‍ മുഹമ്മദാണ് സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയായിരുന്നു.കെ സുരേന്ദ്രന് മതിയായ ലൈസന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES