മുംബൈയില്‍ ജലക്ഷാമം രൂക്ഷമാകുന്നു

നിലവില്‍ 31 ശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതിന് പിന്നാലെ കൂനിന്മേൽ കുരുവായി ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇതോടെ ജനജീവിതം ദുസ്സഹമായി.

കടുത്ത വേനല്‍ ചൂടിലൂടെ കടന്നു പോകുന്ന മഹാരാഷ്ട്രയില്‍ പലയിടങ്ങളും ജലക്ഷാമത്തില്‍ വലയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലെ പല ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ മുംബൈ നിവാസികളുടെ ജല ആവശ്യം നിറവേറ്റുന്നത് മുനിസിപ്പല്‍ കോര്‍പറേഷന് കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.

അതേസമയം, മുംബൈയുടെ ജല ആവശ്യം നിറവേറ്റുന്ന ഏഴ് അണക്കെട്ടുകളിലെയും ജലശേഖരം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ 31 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കരുതല്‍ ശേഖരം അല്‍പം കൂടുതലാണെങ്കിലും, വേനല്‍ക്കാല താപനിലയിലെ വര്‍ധനവും ജലത്തിന്റെ ദ്രുതഗതിയിലുള്ള ബാഷ്പീകരണവും കാരണം അണക്കെട്ടുകളിലെ വെള്ളം കുറയുകയാണ്.

കടുത്ത ജലക്ഷാമം മുനിസിപ്പല്‍ ജലവകുപ്പിന് വലിയ തലവേദനയായിരിക്കുകയാണ്. മഴക്കാലത്തിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ വരും ദിവസങ്ങളില്‍ ഗുരുതരമായ ജലപ്രതിസന്ധി ഉണ്ടാകാനും സാധ്യതയുണ്ട്.

RELATED STORIES