ഇടുക്കി ബോഡിമെട്ടിന് സമീപം നിയന്ത്രണംവിട്ട കാറ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു

കർണാടകയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് നിയന്ത്രണംവിട്ട വാഹനം 60 അടി താഴ്ചയിലേക്ക് പതിച്ചത്. കർണാടകയിൽ നിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ കിഷോർ, ഭാര്യ വിദ്യ, മക്കളായ ജോഷ്വാ, ജോയൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. താഴ്ചയിലേക്ക് പതിച്ച വാഹനത്തിൽ നിന്ന് ഇവർ പുറത്തേക്ക് തെറിച്ചു വീണു. ഇതിനുശേഷം വാഹനത്തിന് തീ പിടിക്കുകയായിരുന്നു.

അപകടത്തിൽ വിദ്യക്കും മകൻ ജോഷ്വയ്ക്കും സാരമായി പരുക്കുപറ്റിയിട്ടുണ്ട്. വിദ്യയുടെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കുണ്ട്. ജോഷ്വായുടെ കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്. മൂന്നാർ സന്ദർശനത്തിനുശേഷം ഇവർ തിരികെ മടങ്ങുകയായിരുന്നു. അമിതവേഗതയാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നെടുങ്കണ്ടത്തു നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്.

അതേസമയം, ഇടുക്കിയിൽ കുട്ടിക്കാനത്തിനു സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു. പുക കണ്ട യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരുക്കില്ല.

RELATED STORIES