സുവിശേഷ പ്രവർത്തക കൊല്ലത്ത്‌ പിടിയിൽ

കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസാണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കോതമംഗലത്തുള്ള ഗ്രേസ് ഇന്റർനാഷണൽ റിക്രൂട്ടേഴ്സ് യുകെ ആൻഡ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്.

2022ൽ അഞ്ചൽ മണ്ണൂരിൽ സുവിശേഷകയായി പ്രവർത്തിച്ചപ്പോഴാണ് പ്രദേശവാസികളായ മൂന്നുപേർക്ക് യുകെയിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ജോളി വർഗീസടങ്ങിയ നാലംഗ സംഘം 28 ലക്ഷം രൂപ തട്ടിയത്. 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

മണ്ണൂർ സ്വദേശികളുടെ പരാതിയിൽ അഞ്ചൽ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഒന്നാം പ്രതിയായ തോമസ് രാജനെ തിരുവല്ലക്കടുത്തുള്ള ലോഡ്ജിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. ഒളിവിൽ പോയ ജോളി വർഗീസ് പത്തനംതിട്ട കുഴിക്കാലയിൽ നിന്നുമാണ് പിടിയിലായത്. ഇവിടെ പ്രവർത്തിക്കുന്ന സിലോൺ പെന്തക്കോസ്ത് സഭയിലെ സുവിശേഷകയായിരുന്നു ഇവർ.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നാലംഗ സംഘം കോടികൾ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായ് പ്രതികൾക്കെതിരെ സമാന കേസുകളും നിലവിലുണ്ട്.


RELATED STORIES