ചൂടടയാളം വഹിക്കുന്ന ക്രിസ്തു ശിഷ്യത്വം
Author: Biju Joseph Christ Followers Church SharjahReporter: News Desk 16-Apr-2025
362

ജഢത്തിലും ആത്മാവിലും ചൂടടയാളം വഹിക്കുന്ന ജീവനുള്ള രക്തസാക്ഷികൾ. ഇവരാണ് യഥാർത്ഥത്തിൽ സുവിശേഷ വയലേലകളിൽ തങ്ങളുടെ ഞെരുക്കത്തിലും, പീഡനങ്ങളുടെ തീച്ചൂളയിലും കാലഋതുക്കൾ നോക്കാതെ അഗാപ്പെ നൽകുന്ന അതിപരിശുദ്ധ വിശ്വാസത്തിലും, പ്രത്യാശയിലും ഗോല്ഗോഥായുടെ ഉറപ്പുള്ള, ജീവനുള്ള പാറമേൽ ഉറച്ചു നിൽക്കുന്നവർ. ഇവർ ക്രിസ്തുവിനു വേണ്ടി, ക്രിസ്തുവിനാൽ അവന്റെ മാർഗ്ഗപാതയിൽ അനേകരെ ആകർഷിച്ചു കൊണ്ടുവരുവാനും, ഇരുട്ടിൽ തപ്പിത്തടഞ്ഞു വീഴാതെ ഇരിക്കുവാനും ഒരു പ്രകാശദീപമായി അനേകർക്ക് മുൻപേ പോകുന്നു. ക്രിസ്തു സ്വയം മാനവരാശിക്കുവേണ്ടി കത്തി എരിഞ്ഞടങ്ങിയതുപോലെ മറ്റുള്ളവർക്കുവേണ്ടി സ്വയം ഒരു ദീപംപോലെ കത്തി എരിഞ്ഞടങ്ങാനും, ഏതു പ്രതികൂല കാറ്റിലും അണഞ്ഞുപോകാതെ ഒടുവിൽ വരെ ഈ ചൂടടയാളം വഹിക്കുവാനും, കുഞ്ഞാടിന്റെ പാനീയബലിയിൽ പങ്കുകാരാകുന്നവർ. സെബദിപുത്രന്മാരുടെ അമ്മയുടെ ആഗ്രഹത്തിനു ക്രിസ്തു അവർക്കു കൊടുക്കുന്ന മറുപടിയിൽ ഇത് പരാമർശിക്കുന്നു. "ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾക്കു കുടിക്കാൻ കഴിയുമോ? ശുശ്രുഷിക്കപെടാനല്ല ശുശ്രുഷിക്കാനും, അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ"
അപ്പസ്തോലനായ പൗലോസ് ഈ ചൂടടയാളം വഹിച്ചുകൊണ്ട് അഞ്ചു പ്രാവശ്യം ഒന്ന് കുറയെ 40 അടികൾ ഏറ്റതു, എന്റെ ചിന്തയിൽ, ദൈവജനത്തെ ശാരീരികമായി പീഡിപ്പിച്ചതിന്റെയും, ക്രിസ്തു അനുഭവിച്ച പീഡകളിൽ പങ്കാളി ആകാനും വേണ്ടി ആയിരിക്കാം. ക്രിസ്തുവും ഏറെ അടികൾ ഏറ്റു വാങ്ങിയല്ലോ. ചൂടടയാളം അനുസരണം തികയാനുള്ള ഒരു അഭ്യാസം കൂടിയാണ്, ജഢത്തിന്റെ ക്രൂശിക്കപ്പെടൽ അഥവാ ജഢത്തെ ആകർഷിച്ചു കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന ഇച്ഛകളെ അതേ രാഗമോഹങ്ങളോടുകൂടിത്തന്നെ ക്രൂശിക്കാൻ സ്വമേധയാ വിട്ടുകൊടുക്കുന്ന അവസ്ഥ. എങ്കിൽ മാത്രമേ അകത്തു ജനിച്ചു ഞരങ്ങിവിലപിക്കുന്ന ക്രിസ്തുവിന്റെ ആത്മാവിന് മുക്തിപ്രാപിച്ചു പുറത്തു വന്നു സ്വാതന്ത്ര്യത്തോടെ ദൈവേഷ്ടം നിവൃത്തിയാക്കാൻ കഴിയുകയുള്ളു. ജഢം ആത്മാവിന് കീഴ്‌പ്പെട്ടാൽ, ആത്മാവിന്റെ നിയന്ത്രണത്തിലായാൽ ലോകാനുരൂപം മാറി ദൈവാനുരൂപമാകാൻ തുടങ്ങും. ഒപ്പം നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവേഷ്ടം നിറവേറുന്നതിനു തടസമായുള്ളതിനെ അതിജീവിക്കാനുള്ള ശക്തിയും വന്നുചേരും.
അപഹരിക്കപ്പെടുന്ന ലോക ധനത്തിനോ, മാനത്തിനോ, പ്രതാപത്തിനോ കണ്ണുവെക്കാതെ ക്രിസ്തുവിൽ, ആർക്കും അപഹരിച്ചു കൊണ്ടുപോകാൻ കഴിയാതെ വന്നു ചേരുന്ന ആത്മീക ധനത്തിലും മാനത്തിലും പ്രതാപത്തിലും ദൃഷ്ടിവെച്ചു ദേഹം ദേഹി ആത്മാവിനെ ചുടുവാൻ ഏല്പിച്ചു കൊടുക്കുക. ആ ചൂടടയാളം പൂർണ്ണഹൃദയത്തോടും പൂർണ്ണമനസോടും, പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും വഹിക്കുവാൻ നിത്യതയുടെ ഘനമേറിയ സ്വസ്ഥതയിലേക്കു ക്രിസ്തു ഇരിക്കുന്ന സ്ഥലത്തേക്ക് തന്നെ പ്രവേശിക്കപ്പെടാൻ ഇടയാകും. ഒപ്പം ചൂടടയാളം വഹിച്ചതിന്റെ ഫലമായി രത്നങ്ങൾ പതിച്ച ജീവന്റെ കിരീടം ലഭിക്കുകയും ചെയ്യും. കഷ്ടത സഹിഷ്ണുതയെ ജനിപ്പിക്കുന്നു ആ സഹിഷ്ണുത വീണ്ടും ജനനം പ്രാപിച്ചു സിദ്ധതയെയും അത് പ്രത്യാശയെയും അതിലൂടെ ക്രിസ്തുവിലുള്ള അനുസരണത്തിൽ നാം തികഞ്ഞവരാകുന്നു. എല്ലാത്തിനേയും സഹിച്ചും, അതിജീവിച്ചും, കാൽകീഴാക്കിയും മുന്നേറാനുള്ള ശക്തിയും ബലവും കൃപയാൽ പരിശുദ്ധാത്മാവ് ഓരോരുത്തർക്കും പകർന്നു തരുമാറാകട്ടെ.
കോഴികൂകുന്നതിനു മുൻപ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനും, 30 വെള്ളിക്കാശിനു ഒറ്റികൊടുത്തു രക്തനിലത്തിനു ലോകാവകാശിയായവനും അവിശ്വാസത്താൽ, ലോകസ്നേഹത്താൽ, ഗുരുവിനെ ക്രൂശിൽ തറച്ചു കൊല്ലുവാൻ മൂന്നാണികളായി മാറുകയായിരുന്നില്ലേ? അഥവാ തങ്ങളെ, തങ്ങളുടെ പ്രവർത്തികളാൽ മൂന്നാണികളാക്കി ജീവൻ തന്ന ഗുരുവിനെ ക്രൂശിക്കാൻ നിന്നു കൊടുക്കുകയായിരുന്നില്ലേ? നമ്മൾ ക്രിസ്തുവിന്റെ അണികളോ? അനുയായികളോ? ആണികളോ?
ആചാരാനുഷ്ടാനത്തിന്റെ ഭാഗമായിട്ടാണെങ്കിലും പെസഹാക്കുഞ്ഞാടിന്റെ ക്രൂശീകരണത്തിന്റെ ദുഃഖാചരണ സ്മരണ ഉണർത്തുന്ന ആണ്ടുവട്ടത്തിന്റെ ഈ അനുതാപ നാളുകളിലെങ്കിലും ഒന്ന് സ്വയം ശോധന ചെയ്യുന്നതു നല്ലതായിരിക്കും. ഗത്സമന മുതൽ കാൽവരിവരെ പെസഹാ കുഞ്ഞാടിനോപ്പം അവന്റെ സഹനതയുടെയും, തകർക്കപെടലിന്റെയും, നുറുക്കപെടലിന്റെയും പരിഹാസത്തിന്റെയും ചൂടടയാളം വഹിച്ചുകൊണ്ടു ചുടുരക്തം വീണു കുതിർന്ന പാതയിലൂടെ നമുക്കും ആത്മാവിൽ സഞ്ചരിക്കാം. ഉറക്കെ കരഞ്ഞു രട്ടുടുത്തു വെണ്ണീറിലിരിക്കാം. തെറ്റുതിരുത്തി ഉറക്കെ നിലവിളിച്ചു മനസാന്തരപ്പെട്ടു മടങ്ങിവന്നു ക്രിസ്തുവിന്റെ പാനപാത്ര വാഹകരായി മാറുവാൻ ചൂടടയാളം വഹിച്ച അപ്പസ്തോലമാരെ പോലെ നമുക്കും ആകാം.
മരണത്തിന്മേൽ ജയമെടുത്ത പെസഹാക്കുഞ്ഞാടിൽ വ്യാപരിച്ച ആത്മാവിനെ പ്രാപിക്കാൻ ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുക്കാം. ഇനിയൊരു മരണം നമ്മെ പിടികൂടാതിരിക്കുവാൻ പാപത്തിന്റെ സ്ഥിരമായ ശമ്പളം-മരണം കൈപ്പറ്റാതെയിരിക്കാൻ ജീവന്റെയും പുനരുദ്ധാനത്തിന്റെയും ആത്മാവ് ശക്തിയായി നമ്മിൽ ഇറങ്ങട്ടെ.
Biju Joseph
Sharjah