തടവുകാർക്കായി ജയിലുകളിൽ 'സെക്സ് റൂം', പങ്കാളികളുമായി രണ്ട് മണിക്കൂർ കഴിയാം; പുതിയ തീരുമാനത്തിന് പിന്നിൽ
Reporter: News Desk 20-Apr-202550

റോം: തടവുകാർക്ക് പങ്കാളികളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുന്ന പ്രത്യേക മുറി തുറന്നുകൊടുത്ത് ഇറ്റലി. സെക്സ് റൂം എന്ന് പേരിട്ടിരിക്കുന്ന ഈ മുറിയിൽ തടവുകാർക്ക് പങ്കാളികളുമായി സ്വകാര്യമായി സംവദിക്കാം. സെൻട്രൽ ഉംബ്രിയ മേഖലയിലാണ് രാജ്യത്തെ ആദ്യത്തെ സെക്സും അധികൃതർ തുറന്നുകൊടുത്തത്. പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകൾ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് ചില തടവുകാർക്ക് പുതിയ സൗകര്യം അനുവദിക്കാൻ തീരുമാനിച്ചത്.
തടവുകാർക്ക് പുതിയ സൗകര്യം ഒരുക്കുന്നത് സുഗമമായി നടന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഉംബ്രിയയുടെ ഓംബുഡ്സ്മാൻ പറഞ്ഞു. തടവുകാരുടെയും പങ്കാളികളുടെയും സ്വകാര്യത സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ജനുവരിയിലായിരുന്നു ഇത് സംബന്ധിച്ച് ഭരണഘടന കോടതി ഉത്തരവിറക്കിയത്.
തടവുകാർക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താനുള്ള അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. നേരത്തെ തടവുകാർ തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജയിൽ ഗാർഡ് സമീപത്ത് നിരീക്ഷിക്കാൻ ഉണ്ടാകുമായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ പല ജയിലുകളിലും ഇത്തരം സംവിധാനങ്ങൾ നിലവിലുണ്ട്. ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.
ഇത്തരം കൂടിക്കാഴ്ചകൾ രണ്ട് മണിക്കൂർ വരെ അനുവദിക്കണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. കിടക്ക, ടോയ്ലറ്റ് സൗകര്യമുള്ള മുറികളായിരിക്കണം ഇതിനായി അനുവദിക്കേണ്ടത്. ഇത് വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നീതിന്യായ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചിരുന്നു. മുറിയുടെ വാതിൽ തുറന്നിട്ടിരിക്കണമെന്ന് മാർഗനിർദ്ദേശങ്ങൾ പറയുന്നുണ്ട്. ആവശ്യമെങ്കിൽ ജയിൽ ഗാർഡുകൾക്ക് ഇടപെടാൻ വേണ്ടിയാണിത്. യൂറോപ്പിലെ ഏറ്റവും മോശം തടവുകാർ താമസിക്കുന്ന ജയിലുകളുള്ള രാജ്യമാണ് ഇറ്റലിയുടേത്. ഇവിടെയുള്ള ജയിലുകളിൽ പലതിലും ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ് എന്ന് പറയപ്പെടുന്നു.