അമേരിക്കൻ വൈസ് പ്രസിഡൻറ് ഇന്ത്യയിൽ; ഇന്ത്യൻ വംശയായ ഭാര്യ ഉഷയും ഒപ്പം

ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച പുലർച്ചെ ഡല്‍ഹിയിലെത്തി. പാലം വ്യോമതാവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇന്ത്യന്‍വംശജയായ ഭാര്യ ഉഷയ്‌ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ വാൻസ് കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നൊരുക്കും. ഇതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര-തീരുവ പ്രശ്‌നങ്ങളടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും.ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ഖ്വാത്ര എന്നിവര്‍ പങ്കെടുക്കും. ട്രംപ് ഭരണകൂടം പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന്മേല്‍ ഇന്ത്യയും യുഎസും തമ്മില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യാപാരക്കരാറിനും പരമാവധി ഇളവുകള്‍നേടി നേട്ടമുണ്ടാക്കാനുമാണ് ഇന്ത്യയുടെ ശ്രമം.

വിരുന്നിനുശേഷം രാത്രിതന്നെ വാന്‍സ് ജയ്പുരിലേക്ക് പോകും. ബുധനാഴ്ച താജ്മഹല്‍ സന്ദര്‍ശിക്കും. അവിടെനിന്ന് വീണ്ടും ജയ്പുരിലേക്ക് പോകുന്ന വാന്‍സ് വ്യാഴാഴ്ച യുഎസിലേക്ക് മടങ്ങും.

RELATED STORIES