ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ കെ സന്തോഷ്‌ നേരത്തേ അറസ്‌റ്റിലായിരുന്നു. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്പ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ദീർഘകാലമായി മിനി നമ്പ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്‌ സന്ദേശങ്ങളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

കൊലപാതകം നടന്ന മാർച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരിൽ ശകാരിച്ചിരുന്നു.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃദ​ത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ആദ്യമേ തന്നെ കണ്ടെത്തിയിരുന്നു.

ഇവരും സന്തോഷും ചെറുപ്പം മുതലേ സൗ​ഹൃദത്തിലായിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ രാധാകൃഷ്ണനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം യുവതിയുമായുള്ള സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്‌ക്കും രണ്ട് മക്കളുണ്ട്. കൊലപാതകത്തിന് പിന്നാലെ തന്നെ മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയത്.

കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. രാധാകൃഷ്ണൻ പുതുതായി നിർമിക്കുന്ന വീട്ടിലാണ്‌ കൊല നടന്നത്‌. മാതമംഗലത്തെ വീട്ടിൽനിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടിൽ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തുകയായിരുന്നു.

RELATED STORIES