കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്സൈസ്

ആലപ്പുഴ: കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയില്‍ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടില്‍ പ്രതിഭയുടെ മകൻ കനിവിന്റെ പേരില്ല. ഒമ്പത് പേരായിരുന്നു കേസില്‍ പ്രതി ചേർക്കപ്പെട്ടത്. നലവില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസ് പറയുന്നത്. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്‌ഐആർ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി.

RELATED STORIES