പാകിസ്താൻ്റെ പ്രതികാരം; ആകാശച്ചുഴിയില്‍പ്പെട്ട ഇൻഡിഗോ വിമാനത്തിന് പാക്കിസ്താൻ വ്യോമപാത നിഷേധിച്ചു
Reporter: News Desk 23-May-202567

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ അപകടം ഒഴിവാക്കാന്‍ പൈലറ്റ് പാകിസ്താനെ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാന്‍ പൈലറ്റ് അനുമതി തേടി. എന്നാല്‍ അഭ്യര്‍ത്ഥന ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിരസിക്കുകയായിരുന്നു. ഇതോടെയാണ് അപകടകരമായ ലാന്‍ഡിംഗിന് പൈലറ്റ് തയ്യാറായത്. ആകാശച്ചുഴിയില്‍ പെട്ട വിമാനത്തിന് കേടുപാടുകളുണ്ടായിരുന്നു.
ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം അമൃത്സറിലെത്തിയപ്പോഴാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടത്. ഇതോടെ പൈലറ്റ് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ലാഹോര്‍ എടിസിയുമായി ബന്ധപ്പെടുകയായിരുന്നു. പാകിസ്താന്‍ അനുമതി നിഷേധിച്ചതോടെ പൈലറ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുണ്ടായി.വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബുധനാഴ്ച്ച ഡല്‍ഹിയിലുണ്ടായ കനത്ത മഴയും ആലിപ്പഴ വര്‍ഷവുമാണ് പെട്ടെന്നുളള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. ഇതുമൂലം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയിലേക്കുളള വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുവാദമില്ല.