ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഐജിയാണ് ഹര്‍ജിക്കാരി. 2015ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഇതംഗീകരിച്ച ഡിവിഷന്‍ ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ബെംഗളൂരു സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്‌സില്‍ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസില്‍ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016 ല്‍ കേരള കേഡറില്‍ നിയമനം ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍ എഎസ്പി, വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്. കോട്ടയം എസ്പി, എന്നീ തസ്തികകള്‍ വഹിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിയ കേരളാ പോലീസിലെ വനിതാ അന്വേഷണ മികവായിരുന്നു ശില്‍പ.

2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ഇവര്‍ പോലീസ് സേനയില്‍ ആദ്യ നിയമനം കാസര്‍കോട്ടായിരുന്നു. 2019-ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2020-ല്‍ ജില്ലാ പോലീസ് മേധാവിയായും പ്രവര്‍ത്തിച്ചു.

കൂടത്തായി കൂട്ടക്കൊലക്കേസ്, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം, ഷാരോണ്‍ വധക്കേസ് തുടങ്ങി കേരളത്തില്‍ ഏറെ ചര്‍ച്ചയായ കൊലപാതക കേസുകളില്‍ അന്വേഷണം നടത്തി പ്രതികളെ അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് കേരളം വിടുകയാണ്.

RELATED STORIES