വേനലവധിയ്ക്ക് വിട നല്‍കി വിദ്യാര്‍ഥികള്‍ ഇന്ന് തിരികെ സ്‌കൂളിലേക്ക്

ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടുതല്‍ പഠന സമയമാണ് ഈ വര്‍ഷത്തെ പുതിയ മാറ്റം. അധിക ക്ലാസ് വെള്ളിയാഴ്ചയില്ല. യുപിക്ക് രണ്ടും ഹൈസ്‌കൂളില്‍ ആറും ശനിയാഴ്ച പ്രവൃത്തി ദിനമാകും.

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രണ്ടരലക്ഷത്തോളം കുട്ടികള്‍ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.

ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാര്‍ഗ പാഠങ്ങള്‍ക്കായി ഒരുമണിക്കൂര്‍ വീതം നീക്കിവെക്കും. ചൊവ്വാഴ്ച ലഹരിക്കെതിരേയുള്ള ബോധവത്കരണത്തോടെയാണ് തുടക്കം. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ ഈ വര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങളാണ്. അച്ചടി പൂര്‍ത്തിയാവാത്തതിനാല്‍ സ്‌കൂള്‍ തുറക്കുമ്പോഴും പാഠപുസ്തകം എല്ലായിടത്തുമെത്തിയിട്ടില്ല. ഹൈസ്‌കൂളില്‍ എഐ വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കും. ഇതിനായി എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പുതിയ ഐടി പുസ്തകങ്ങളുമുണ്ട്.

ഇനി മുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള ഇടവേളയും പത്തുമിനിറ്റാക്കും. ഒരു മണിക്കൂര്‍ ഉച്ചഭക്ഷണസമയത്തില്‍ നിന്ന് അഞ്ച് മിനിറ്റെടുത്ത് ഉച്ചയ്ക്ക് ശേഷമുള്ള ഇടവേള കൂട്ടാനാണ് തീരുമാനം. ഇതോടെ രാവിലെയും വൈകുന്നേരവും പത്തുമിനിറ്റ് വീതം ഇടവേള ഉണ്ടാവും.

അതേസമയം ഈ അധ്യയനവര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ്, ഒന്‍പത് ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിത്. മിനിമം മാര്‍ക്ക് വാങ്ങാത്ത കുട്ടികള്‍ക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നല്‍കി വീണ്ടും പരീക്ഷ നടത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES