കാഞ്ഞങ്ങാട് നഗരസഭയുടെ പിന്തുണയോടെ ഇറക്കിയ ‘അതിയാമ്പൂര്‍ റൈസ്’ വിപണിയിലേക്ക്

ഇത് അഞ്ചാം തവണയാണ് അതിയാമ്പൂര്‍ റൈസ് എന്ന പേരില്‍ അരി വിപണിയില്‍ എത്തിക്കുന്നത്. നെല്‍കൃഷിക്ക് വേണ്ട എല്ലാവിധ പിന്തുണയും നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത വിതരണ ചടങ്ങിനിടെ പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുന്‍കൈയെടുത്ത അതിയാമ്പൂര്‍ റൈസ് ബ്രാന്‍ഡ് അഞ്ചാം തവണയാണ് വിപണിയില്‍ വിജയഗാഥ രചിച്ചത്. നഗരസഭയുടെ നാലാം വാര്‍ഡ് അംഗങ്ങളും അതിയാമ്പൂര്‍ കര്‍ഷക കൂട്ടായ്മയും അത്തിക്കണ്ടം വയലില്‍ നടത്തിയ ജൈവ നെല്‍കൃഷിയാണ് വന്‍ വിജയമായത്. ജൈവകൃഷിയിലൂടെ 1,839 കിലോഗ്രാം നെല്ലാണ് ലഭിച്ചത്. അഞ്ച് കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്തശേഷം ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കാനാണ് ആലോചന. നെല്‍കൃഷി നടത്തിയ കര്‍ഷകര്‍ക്കാണ് എല്ലാവിധ ക്രെഡിറ്റും നല്‍കേണ്ടതെന്ന് കെ വി സുജാത പറഞ്ഞു.

അതിയാമ്പൂരില്‍ നടന്ന വിതരണ ചടങ്ങ് മുന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. എം രാഘവന്‍, എ കെ ആല്‍ബര്‍ട്ട്, കെ പുഷ്പലത, എ കെ രസിക്, അര്‍ജുന്‍ പാറക്കാട്ട്, മുനിസിപ്പല്‍ ജീവനക്കാരന്‍ ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES