നിലമ്പൂര്‍ തെരെഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൗക്കത്തിന് വിജയം നേടാന്‍ കഴിഞ്ഞതെന്നും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
Reporter: News Desk 23-Jun-2025242

കേരളത്തിലെ പിണറായി ജനവിരുദ്ധ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് നിലമ്പൂരില്‍ കണ്ടതെന്നും കേരളം പൊതുവായി നല്‍കിയിരിക്കുന്ന സന്ദേശമായിട്ട് വേണം തെരഞ്ഞെടുപ്പ് ഫലത്തെ കാണണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സണ്ണിജോസഫ് പറഞ്ഞു.
ശക്തമായ വിധിയെഴുത്താണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ ഏറ്റെടുത്തത്. ഈ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍, തൊഴിലില്ലായ്മ, അഴിമതി, വന്യജീവി സംഘര്‍ഷം, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം തുടങ്ങിയ അനേകം കാര്യങ്ങള്‍ക്ക് നിലമ്പൂരിലെ ജനത മറുപടി നല്‍കി. തൊഴിലെടുക്കുന്ന ആശാവര്‍ക്കര്‍മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാതെ പി എസ് സി അംഗങ്ങള്‍ക്കും മറ്റും വര്‍ദ്ധിപ്പിച്ച് കൊടുത്ത സര്‍ക്കാര്‍ മലപ്പുറം ജനതയെ ആക്ഷേപിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് വേണ്ടി യുഡിഎഫ് ഉയര്‍ത്തിയ പ്രതിഷേധ സ്വരം മനസ്സിലാക്കി ജനം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചെന്നും നേതാക്കളും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്നുള്ള ടീംവര്‍ക്കിന്റെ ഗുണമായിരുന്നു നിലമ്പൂരില്‍ കണ്ടതെന്നായിരുന്നു സണ്ണിജോസഫിന്റെ പ്രതികരണം.
കെയര്‍ടേക്കര്‍ സര്‍ക്കാരാണ് ഇപ്പോള്‍ പ്രവത്തിക്കുന്നതെന്നും ഇതൊരു സെമിഫൈനല്‍ വിജയമാണെന്നും ഫൈനലിലും യുഡിഎഫ് വിജയം നേടുമെന്നും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് യുഡിഎഫ് വിജയം നേടിയതെന്നും ഇത് ഇടതുസര്‍ക്കാരിനെതിരേയുള്ള ശക്തമായ വിധിയെഴുത്താണെന്നുമായിരുന്നു എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉയര്‍ത്തിയ കാര്യങ്ങളുണ്ട്. അതില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിന്നതെന്നും പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ അനേകം വിഷയങ്ങളുണ്ടായിരുന്നു. അതില്‍ സര്‍ക്കാരിന്റെ ദുര്‍ഭരണമുണ്ട്, മുഖ്യമന്ത്രി പ്രസംഗത്തിലൂടെ നടത്തിയ അവഹേളനമുണ്ട്. ദേശീയപാത വിള്ളലുണ്ട്. ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചത് കേരളത്തിലെ ജനങ്ങളുടെ മനസ്സ് ഈ സര്‍ക്കാര്‍ താഴെപ്പോകണമെന്നതായിരുന്നെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരേയുള്ള ഏറ്റവും വലിയ വിധിയെഴുത്താണ് ഇത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് വോട്ടുനേടാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് കൂടി കിട്ടിയ പ്രഹരം കൂടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.