ഞങ്ങളും മനുഷ്യരല്ലേ സാർ? പോലീസുക്കാരുടെ വിതുമ്പുന്ന മനസ്
Reporter: News Desk 28-Jun-2025267

നൈറ്റ് ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥർ ഉറങ്ങി എന്ന വാർത്ത റിപ്പോർട്ട് ചെയ്ത Mr. ശ്രീകണ്ഠൻ നായർ സർ പറഞ്ഞ ഇൻട്രോ "ഉറങ്ങി ഇനി വീട്ടിലിരുന്ന് ഉറങ്ങാം" എന്നാണ്. ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താൽ ചിലപ്പോൾ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സർ. ആ മൂന്ന് പേർ ഏറ്റവും കുറഞ്ഞ പക്ഷം കാലത്ത് 08.00 മണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ചവരാണ്. രാത്രി പരിശോധന നടന്ന സമയം 01.00 മണി കഴിഞ്ഞിട്ടുണ്ടാകും . അവരുടെ ഡ്യൂട്ടി അവസാനിക്കുക അടുത്ത ദിവസം രാവിലെ 09.00 മണിക്ക് ആയിരിക്കും. അതിന് ശേഷം ആയിരിക്കും ആ ജി ഡി ഡ്യൂട്ടിക്കാരൻ്റെ Scriptory work ആരംഭിക്കുക. തലേദിവസത്തെ FIR കൾ കോടതിയിൽ അയക്കണം. കാലത്ത് റിപ്പോർട്ടായ പരാതികൾ, ഇൻ്റിമേഷൻ എന്നിവയ്ക് പുറമേ കാലത്ത് റിപ്പോർട്ടാവുന്ന മോഷണം, ആക്സിഡൻ്റ്, അസാധരണ മരണ കേസുകൾ, ആത്മഹത്യ കേസുകൾ, ഇൻക്വസ്റ്റ് ഇതൊക്കെ അയാളുടെ ഉത്തരവാദിത്ത്വമാണ്. ഇതിൽ ഏതെങ്കിലും ഒന്ന് ഉണ്ടായാൽ അയാൾ സ്റ്റേഷന് പുറത്ത് പോവുകയോ ചിലപ്പോൾ പല്ല് തേക്കുകയോ കുളിക്കുകയോ ചെയ്യുന്നതും കഴിക്കുന്നതും അന്ന് വൈകിട്ട് ആയിരിക്കും.
പാറാവ് ഡ്യൂട്ടിക്കാരൻ വെറുതെ കുത്തിയിരിക്കുന്ന ആളല്ല അയാളുടെ ഡ്യൂട്ടിക്ക് പുറമേ അയാളുടെ കയ്യിലിരിക്കുന്ന സമൻസും വാറണ്ടും കൈകാര്യം ചെയ്യുന്നുണ്ടാകും കോടതി ഡ്യൂട്ടിക്കാരനാണെങ്കിൽ സാക്ഷികളെ വിളിക്കലും കേസ് പഠിപ്പിക്കലും അവിടിരുന്നാവും അയാൾ നടത്തുക. അടുത്ത ദിവസം അയാൾ തന്നെയാകും ജനമൈത്രി ബീറ്റ് പോവുക പ്രോസസ് നടത്തുക, ബോധവൽക്കരണ ക്ലാസ് നടത്തുക, ട്രാഫിക്ക് ബോധവൽക്കരണം നടത്തുക. ഇതൊക്കെ ഒരു ശരാശരി സ്റ്റേഷനുകളിൽ നടക്കുന്ന ഏറ്റവും കുറഞ്ഞ പ്രവൃത്തികളാണ്.
തുടർച്ചയായി 24 മണിക്കൂർ ഉണർന്നിരുന്ന് പ്രവൃത്തിയെടുക്കുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെയാണ്.
കേരളത്തിൽ ആത്മഹത്യ ചെയ്ത പോലീസുകരുടെ എണ്ണം പരിശോധിച്ചു നോക്കിയാൽ തന്നെ ഞെട്ടലാണ്. ആരും ജീവിക്കാൻ ആഗ്രഹം ഇല്ലാത്തവരല്ല. 40 വയസ്സ് പിന്നിട്ട ഇക്കൂട്ടരിൽ പ്രഷറും, കൊളസ്ട്രോളും വെരിക്കോസും ഉദരരോഗങ്ങളും ഇല്ലാത്തവരുടെ കണക്ക് പരിശോധിക്കണം സർ.
ഇന്നത്തെ സാഹചര്യത്തിൽ സേനയെ ഏൽപിച്ച മുഴുവൻ ഉത്തരവാദിത്ത്വങ്ങളും പൂർണതോതിൽ നടപ്പിലാക്കണമെങ്കിൽ നിലവിലുള്ളതിൻ്റെ മൂന്നിരട്ടി അംഗബലമെങ്കിലും വേണമെന്ന് പറഞ്ഞത് പോലീസ് അസോസിയേഷൻ പ്രതിനിധി മാത്രമല്ല. ശമ്പള കമ്മീഷനും കൂടിയാണ്. പല കമ്മിഷനുകളും ഉണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സേനാംഗങ്ങൾ വരുത്തിയ കൃത്യവിലോപം ന്യായികരിക്കാവുന്നതല്ല. ന്യായികരിക്കുന്നുമില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ അപരാധം അതാണെന്ന് വ്യാഖ്യാനിക്കുന്ന പുച്ഛ മനോഭാവം ശരിയല്ല.
ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്നവരാണ് പണിയെടുക്കണം സേവനം നൽകണം സംശയമില്ലാത്ത കാര്യമാണ്.
പക്ഷേ മനുഷികമായ വിഴ്ചയെ പർവ്വതീകരിച്ച് കാണിക്കുന്നത് ന്യായികരിക്കപെടാവുന്നതല്ല. നിങ്ങൾ ഇരിക്കണം എന്നൊരാളോട് നിഷ്കർഷിക്കുമ്പോൾ കുറഞ്ഞ പക്ഷം ഒരു കസേര അവിടെ ഉറപ്പാക്കണം
8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം , 8 മണിക്കൂർ വിനോദം എന്ന റോബർട്ട് ഓവൻ്റെ വാക്കുകൾ കടമെടുത്താൽ വർക്ക് ലൈഫ് ബാലൻസ് മുന്നോട്ട് പോകാം
NB:- ഒരോരുത്തരും അവരവരുടെ പരിസരത്ത് നിന്ന് കൊണ്ടാണ് കാര്യങ്ങൾ വിലയിരുത്തുന്നത് . അതിൻ്റെ പോരായ്മകൾ ഈ അഭിപ്രായത്തിലും ഉണ്ടാകാം. ഇതിനെക്കാൾ മോശം ജീവിത സാഹചര്യത്തിൽ തുച്ച ശമ്പളത്തിൽ മതിയായ യാതൊരു സുരക്ഷയും സൗകര്യങ്ങളും സമയക്ലിപ്തയുമില്ലാതെ പണിയെടുക്കുന്ന പട്ടിണിയുള്ള ദരിദ്ര്യമുള്ള പ്രായസമുള്ള മനുഷ്യരാണ് ചുറ്റുമെന്ന് അറിയാം . മുഴുവൻ മനുഷ്യരോടും ഐക്യപ്പെടുക എന്നതാണ് ശരി.