സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഇന്ന് മുതൽ നടപടി ആരംഭിക്കുന്നു

സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽപ്പന നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓരോ കാർഡിനും ഒരു ലിറ്റർ മാത്രമായിരിക്കും നൽകുക. സപ്ലൈക്കോയിലൂടെ ശബരി വെളിച്ചെണ്ണയും ഇതേ രീതിയിൽ ലഭ്യമാക്കും. സംരംഭകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം, അധിക ലാഭം ഒഴിവാക്കി കേരഫെഡ് സഹകരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് തീരുമാനം. കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വെളിച്ചെണ്ണയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജി.ആർ. അനിലിനെതിരെ കടുത്ത വിമർശനമുയർന്നു. വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായി മാറിയെന്നും, വിലനിയന്ത്രണത്തിന് വേണ്ട ഇടപെടലുകൾ ഉണ്ടായില്ലെന്നും പ്രതിനിധികൾ ആരോപിച്ചു. 13 ഇനങ്ങളിലെ അവശ്യവസ്തുക്കളുടെ വില കൂട്ടില്ലെന്ന സർക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെടാത്തതായും, വെളിച്ചെണ്ണ വിലവർധനവ് സർക്കാരിന് നാണക്കേടാണെന്നും വിമർശനമുണ്ടായി. കുറഞ്ഞ വിലയിൽ നല്ല എണ്ണ വിപണിയിൽ ലഭ്യമാണെങ്കിൽ, പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്ന് പ്രതിനിധികൾ ചോദിച്ചു.

ജില്ലാ സമ്മേളനത്തിൽ സർക്കാരിനെയും സി.പി.എമ്മിനെയും ലക്ഷ്യമിട്ട് രൂക്ഷ വിമർശനങ്ങളുണ്ടായി. സർക്കാരിന്റെ ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, പല തീരുമാനങ്ങളിലും ഇടതു സർക്കാരിന്റെ നിലപാട് കാണാനാകുന്നില്ലെന്നും ആരോപിച്ചു. ഗവർണറുടെ വിഷയത്തിൽ സി.പി.എം ഇരട്ടത്താപ്പ് പുലർത്തുന്നതായി ആരോപിച്ച്, പോരാട്ടത്തിൽ ആത്മാർത്ഥതയില്ലെന്ന വിമർശനവും ഉയർന്നു. സി.പി.എമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ നടന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു. കൃഷിവകുപ്പിനെയും ഹോർട്ടികോർപ്പിനെയും ലക്ഷ്യമിട്ട് ചോദ്യങ്ങളും വിമർശനങ്ങളും ഉണ്ടായി. പൊതുവിപണിയെക്കാൾ വിലയ്ക്ക് വിൽക്കുന്ന ഹോർട്ടികോർപ്പിനെ എങ്ങനെ നിലനിർത്തുമെന്ന് പ്രതിനിധികൾ ചോദിച്ചു.

RELATED STORIES