അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാറിന് തിരിച്ചടി

കേസില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കേസ് നേരിട്ട് അന്വേഷിക്കും.

കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടര്‍നടപടികള്‍. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക.

വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‌

എഡിജിപി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

അഭിഭാഷകനായ നാഗരാജ് സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും, ഹര്‍ജിക്കാരന്‍ ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്‌ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്‌ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്‌ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

RELATED STORIES