കോട്ടയം ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍

പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

പ്രതി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്‌നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതല്‍ ബലംപകരുന്ന തെളിവാണിത്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു.

എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. ബിന്ദു പദ്മനാഭന്‍, ജെയ്‌നമ്മ, ഐഷ എന്നീ മൂന്ന് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസിലാണ് സെബാസ്റ്റ്യന്‍ സംശയനിഴലിലുള്ളത്. ഇവര്‍ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് സെബാസ്റ്റ്യന്‍ നേരത്തേ അറസ്റ്റിലായിരുന്നത്.

ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെതിരേ പരാതി ഉയര്‍ന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ വീണ്ടും കസ്റ്റഡിയിലായത്. ഇതില്‍ സെബാസ്റ്റ്യനെതിരേ കേസെടുക്കുകയും തുടരന്വേഷണത്തില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

എന്നാല്‍, ഇത് കാണാതായ സ്ത്രീകളില്‍ ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന്‍ മാത്യു എന്ന ജെയ്നമ്മ(48)യെ 2024 ഡിസംബര്‍ 23-നു രാവിലെ വീട്ടില്‍നിന്നു കാണാതായെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഇവര്‍ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന.

ഏറ്റുമാനൂര്‍ പോലീസെടുത്ത കേസ് നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു കൂടി കേസെടുത്തിരുന്നു.

RELATED STORIES