മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ

മല്ലപ്പള്ളി വില്ലേജ് ഓഫീസിന് സമീപം ഉള്ള മാലിന്യ പ്രശ്നമാണ് സർക്കാർ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഒന്ന് പോലെ ദുരിതത്തിലാക്കുന്നത്.

മല്ലപ്പള്ളി വില്ലേജ് ഓഫിസിന് പിന്നിലായി ചാക്കുകളിലാക്കിയും പ്ലാസ്റ്റിക്ക് കവറിലുമായി ടൺ കണക്കിന് മാലിന്യമാണ് തള്ളുന്നത്. ഇവിടെ മാലിനും തള്ളുന്നത് പതിവാകുമ്പോഴും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും പരാതി വ്യാപകമാകുകയാണ്.

കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയില്‍ മല്ലപ്പള്ളി വലിയപാലത്തിനും വില്ലേജ് ഓഫീസിനും ഇടയിലുള്ള പുറമ്പോക്ക് വസ്തുവിലാണ് അറവുശാലകളിൽ നിന്നടക്കമുള്ള മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ ചാക്കുകളിലാക്കി വ്യാപകമായി തള്ളുന്നത്.

മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.

ഇറച്ചിയുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ ഇവിടെ തള്ളുന്നത് മൂലം നായ്ക്കളും പക്ഷികളും ഇത് വലിച്ച് കൊണ്ട് പോയി നാട് നീളെ ഇടുകയും പക്ഷികൾ കിണറുകളിൽ ഇവ കൊണ്ടിടുകയും ചെയ്യുന്നത് പതിവാണ്. ഇത് കൂടാതെ മാലിന്യം കുന്ന് കൂടി കിടക്കുന്ന കാരണത്താൽ നായ്ക്കളുടെ ശല്യവും ഇവിടെ വർദ്ധിക്കുകയാണ്. അധികൃതർ അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപ്പെട്ട് മാലിന്യം ഇവിടെ നിന്ന് നീക്കുകയും മാലിന്യം ഇവിടെ ഇടരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES