ആതുരസേവന രംഗത്തെ സഹപ്രവർത്തകർക്ക് ഒരു തുറന്ന കത്ത്
Author: പന്തളം റോയി കെ. യോഹന്നാൻReporter: News Desk 21-Feb-2026
1,499
സ്നേഹമുള്ള ആതുരസേവന രംഗത്തെ സഹപ്രവർത്തകർക്ക് ഒരു തുറന്ന കത്ത്
പ്രിയ സഹപ്രവർത്തകരേ,
ഈ ദിവസങ്ങളിലെ വാർത്തകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഞെട്ടിക്കുന്ന സംഭവം, നമ്മുടെ ആരോഗ്യ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്. വർഷങ്ങൾക്കുശേഷം ഒരാളുടെ വയറ്റിൽ നിന്ന് മോസ്കിറ്റോ ഫോഴ്‌സെപ്സ് കണ്ടെത്തപ്പെട്ടത്, ഒരു ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അടിസ്ഥാന നടപടിക്രമങ്ങളിൽ ഉണ്ടായ ഗുരുതരമായ പിഴവിന്റെ വ്യക്തമായ ഉദാഹരണമാണ്.
ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ, മന്ത്രിയെയോ സർക്കാരിനെയോ മാത്രം കുറ്റപ്പെടുത്തുന്നത് കൊണ്ട് കാര്യമില്ല. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തബോധത്തെയും പ്രൊഫഷണൽ നിഷ്ഠയെയും നാം ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൃത്യമായ കണക്ക് പാലിക്കാതിരിക്കുകയും, നിർബന്ധമായ പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനകൾ (എക്‌സ്-റേ ഉൾപ്പെടെ) നടത്താതിരിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവാത്ത വീഴ്ചയാണ്. ഒരു ചെറിയ അശ്രദ്ധ പോലും ഒരു മനുഷ്യന്റെ ജീവിതകാലം മുഴുവൻ വേദനയായി മാറാം എന്ന കാര്യം നാം മറക്കരുത്.
ശമ്പളത്തിൽ ഉപരി, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും തന്റെ ദൗത്യത്തെ ഒരു ജോലി എന്നതിലുപരി ഒരു മഹത്തര ഉത്തരവാദിത്തമായി കാണണം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട രംഗമായതിനാൽ, ഇവിടെ അലക്ഷ്യത്തിന് യാതൊരു സ്ഥാനവുമില്ല. നമ്മുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഓരോ ജീവനും വിശ്വാസത്തിന്റെ അടയാളമാണ്.
ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ സംവിധാനങ്ങളും കൃത്യമായ പരിശോധനാ രീതികളും ഉത്തരവാദിത്തപരമായ സമീപനവും ഉറപ്പാക്കപ്പെടണം. നേഴ്സിംഗ് പ്രൊഫഷനിൽ നമ്മൾ എടുത്ത പ്രതിജ്ഞ നിറവേറ്റാനുള്ള ബാധ്യത നമ്മുടെ ഓരോരുത്തരുടേയും മേൽ തന്നെയാണ്.
ആത്മപരിശോധനയോടും പുതുക്കപ്പെട്ട പ്രതിജ്ഞയോടും കൂടി മുന്നോട്ട് പോകാം.



















