67കാരി വീണ്ടും മോഷണത്തിനെത്തിയപ്പോൾ പിടിയിൽ

കൊട്ടാരക്കര: ക്ഷേത്രത്തിലെ തിരക്കിനിടെ മൂന്നുവയസ്സുകാരിയുടെ കാലിൽനിന്ന് സ്വർണാഭരണം കവർന്ന കേസിൽ 67കാരി അറസ്റ്റിൽ. പരവൂർ നെടുങ്ങോലം കളിയാട്ടുവിള വീട്ടിൽ രമയാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

ഈ മാസം 17ന് രാവിലെ 9.20ഓടെയായിരുന്നു സംഭവം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ശൂരനാട് സ്വദേശിനിയുടെ മൂന്നുവയസ്സുകാരിയായ മകളുടെ കാലിലുണ്ടായിരുന്ന നാല് ഗ്രാം സ്വർണാഭരണമാണ് തിരക്കിനിടെ മോഷണം പോയത്. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇവർ മുമ്പും കൊട്ടാരക്കര ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്നും പ്രദേശത്തെ ചില ജ്വല്ലറി ഉടമകളുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് പരവൂർ സ്വദേശിനിയിലേക്കു അന്വേഷണം എത്തിയത്.

തുടർന്ന് വീണ്ടും മോഷണം നടത്തുന്നതിനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്.

കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. ഏറെക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കൊട്ടാരക്കര എസ്എച്ച്ഒ ഹേമന്ത് മോഹന്റെയും പിങ്ക് പോലീസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


RELATED STORIES