വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ

വിരമിച്ചിട്ടും സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക മുദ്രകള്‍ ഉപയോഗിച്ച സംഭവത്തിലാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. 

സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച്‌ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നമ്ബര്‍ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്.

നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച്‌ താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസില്‍ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസില്‍ നിന്നും വിരമിച്ചത്.

RELATED STORIES