ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിലിനെ അംഗീകരിച്ച് ജനറൽ കൗൺസിൽ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അടിയന്തിര ജനറൽ കൗൺസിൽ യോഗത്തിൽ കേരളാ സ്റ്റേറ്റ് കൗൺസിലുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവർക്കെതിരെ നേരത്തെ സ്വീകരിച്ചിരുന്ന പുറത്താക്കൽ നടപടികൾ ജനറൽ കൗൺസിൽ പിൻവലിച്ചു.

തുടർന്ന്, പാസ്റ്റർ കെ.സി.തോമസ് പ്രസിഡന്റും പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സെക്രട്ടറിയുമായുള്ള കേരളാ സ്റ്റേറ്റ് കൗൺസിലിനെ ഔദ്യോഗിക കേരളാ സ്റ്റേറ്റ് കൗൺസിലായി ജനറൽ കൗൺസിൽ അംഗീകരിച്ചു.


ജനറൽ കൗൺസിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സ്റ്റേറ്റ് കൗൺസിലിന് സഭയുടെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിച്ച് പ്രവർത്തിക്കുന്നതിനുള്ള അംഗീകാരവും സ്റ്റേറ്റ് കൗൺസിലിനു കീഴിലുള്ള സണ്ടേസ്ക്കൂൾ, പിവൈപിഎ, സോദരി സമാജം എന്നീപുത്രിക സംഘടനകളുടെ പ്രവർത്തനങ്ങളും ഔദ്യോഗിക ഘടകങ്ങളായി നിലകൊള്ളും.


പാറശ്ശാല മുതൽ കാസർഗോഡ്, ഗൂഡല്ലൂർ വരെയുള്ള സഭകളാണ് കേരളാ സ്റ്റേറ്റ് കൗൺസിലിൻ്റെ പരിധിയിൽ ഉൾപ്പെടുന്നത്. 


ഐപിസി ജനറൽ കൗൺസിലിന്റെ തീരുമാനങ്ങൾ സഭയുടെ ഔദ്യോഗിക ഭരണനടപടികളുടെ ഭാഗമായി നടപ്പാക്കുന്നതിനാണ് നിർദേശിച്ചിരിക്കുന്നത്. കേരളാ സ്റ്റേറ്റിനു കീഴിൽ പുതിയ വർഷത്തെ അംഗത്വം പുതുക്കാത്ത സഭകൾ 2002 ലെ ഭരണഘടന പ്രകാരമുള്ള 5 രൂപയുടെ മെമ്പർഷിപ്പും സഭകളുടെ രജിസ്‌ട്രേഷനും എത്രയും വേഗം കുമ്പനാട് ഉള്ള ഹെബ്രോൻ വ്യൂവിലെ സ്റ്റേറ്റ് ഓഫീസിൽ എത്തിക്കണമെന്നും ശുശ്രൂഷകമാരുടെ സ്ഥലമാറ്റം ക്രമീകരിച്ചു വരുന്നതായും സ്റ്റേറ്റ് സെക്രട്ടറി പത്രകുറിപ്പിലൂടെ അറിയിച്ചു. വിവരങ്ങൾക്ക് : 9526952121

RELATED STORIES