പന്തളത്ത് നടന്നത് അവകാശ ലംഘനം: പിസിഐ കേരളാ സ്റ്റേറ്റ്*
Reporter: News Desk 07-Nov-2026217
പന്തളത്ത് പെന്തക്കോസ്ത് സഭാവിശ്വാസിയുടെ വീട്ടിൽ നടന്ന ക്രൈസ്തവ പ്രാർത്ഥനായോഗത്തിന് നേരെ ആക്രമണം നഗ്നമായ അവകാശ ലംഘനമാണെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി.
നിയമം വഴി സ്ഥാപിതമായ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഇത്തരം ആക്രമണങ്ങൾ അപരിഷ്കൃതമാണ്. സംഭവത്തിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പന്തളം കടക്കാട് വടക്ക് തകടിയിൽ ജംഗ്ഷന് സമീപമുള്ള ഷൈനി ഭവനിൽ ഷൈനി തങ്കച്ചന്റെ വീടിന് നേരെയായിരുന്നു ആക്രമണം.വീട്ടിൽ നടന്ന ഏരിയാ പ്രാർത്ഥനയിൽ പതിനാറോളം വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. ശക്തമായ കാറ്റും മഴയും കാരണം പ്രദേശത്ത് വൈദ്യുതി മുടങ്ങിയ സമയത്താണ് ആക്രമണം ആരംഭിച്ചത്.
പ്രാർത്ഥന തുടങ്ങിയതോടെ അയൽവാസികളായ ഗോപാലകൃഷ്ണൻ, മകൻ ഗോപകുമാർ എന്നിവർ സംഘം ചേർന്ന് കല്ലും മറ്റ് മാരകായുധങ്ങളുമായി സംഘടിച്ചെത്തി വീടിന് നേരെ ശക്തമായി കല്ലെറിയുകയായിരുന്നു. ഷൈനി തങ്കച്ചൻ്റെ ഭിന്നശേഷിക്കാരനായ മകനും വീട്ടിലുണ്ടായിരുന്നു.
ശക്തമായ കല്ലേറിൽ പ്രാർത്ഥനക്ക് എത്തിയ ഒരു വ്യക്തിയുടെ കഴുത്തിനും കാൽ മുട്ടിനും പരിക്കേറ്റു. വീടിന് കാര്യമായി കേടുപാടുകൾ സംഭവിക്കുകയും കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് ചില്ലുകൾ തകരുകയും ചെയ്തിരുന്നു.
ആക്രമണം രൂക്ഷമായതോടെ വീട്ടുകാർ പന്തളം പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം ആക്രമണത്തിന് നേതൃത്വം നൽകിയ അയൽവാസി ഗോപകുമാറിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അടൂർ ഡിവൈഎസ്പി വിനോദ് കെ.പി. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മതേതര ജനാധിപത്യ രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് പിസിഐ ആരോപിച്ചു. ഇത്തരം അവകാശ നിഷേധങ്ങൾക്ക് എതിരെ പ്രബുദ്ധരായ പൗരസമൂഹം പ്രതികരിക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാളെ വൈകിട്ട് 3 മണിക്ക് പിസിഐ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിക്കും.
ജെയ്സ് പാണ്ടനാട്
ജനറൽ സെക്രട്ടറി



















