600ലധികം ചിത്രങ്ങളിൽ തിളങ്ങിയ നടൻ ഗിരി ബാബു അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ മുതിർന്ന നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു (80) അന്തരിച്ചു.

വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 600ലധികം സിനിമകളുടെ ഭാഗമായ അദ്ദേഹം വില്ലൻ വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും സ്വഭാവവേഷങ്ങളിലും ഒരുപോലെ മികവ് തെളിയിച്ചു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ രവിനുതല ഗ്രാമത്തിൽ യെറ ശേഷഗിരി റാവു എന്ന പേരിലാണ് ജനനം. 1973ൽ പുറത്തിറങ്ങിയ 'ജഗമേ മായ'യിലൂടെ സിനിമയിലെത്തിയ അദ്ദേഹം 1977ലെ പുരാണചിത്രമായ 'കുരുക്ഷേത്ര'യിൽ ദുശ്ശാസനനായി നടത്തിയ പ്രകടനത്തിലൂടെ ശ്രദ്ധേയനായി.

'ജ്യോതി', 'പസിവാടി പ്രാണം', 'ഹലോ ബ്രദർ', 'ലിറ്റിൽ സോൾജിയേഴ്സ്', 'നിന്നേ പെള്ളാഡത്ത' തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന് സാക്ഷിയായി. 'ഗമ്യം', 'ഗീത ഗോവിന്ദം', 'ജാതി രത്നാലു' തുടങ്ങിയ പുതിയ തലമുറ ചിത്രങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായി.

അഭിനയത്തിനപ്പുറം സംവിധാനത്തിലും നിർമാണത്തിലും അദ്ദേഹം കഴിവ് തെളിയിച്ചു. 'രണരംഗം', 'ഇന്ദ്രജിത്ത്', 'നീ സുഖമേ നേ കോരുതുന്ന' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 'ദേവതലാറ ദീവിഞ്ചണ്ടി', 'മെരുപു ദാഡി' എന്നീ ചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയായി.

ഭാര്യ ശ്രീദേവി 2016ൽ അന്തരിച്ചു. രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. മൂത്ത മകൻ രഘു ബാബു തെലുങ്ക് സിനിമയിലെ പ്രശസ്ത ഹാസ്യ-സ്വഭാവ നടനാണ്. ഇളയ മകൻ ബോസ് ബാബുവും സിനിമാമേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

RELATED STORIES