അറിയുക എന്താണ് നോറോ വൈറസ്

നമ്മളിൽ  പലരും കേട്ടിട്ടുള്ള കാലിസിവിരിഡി കുടുംബത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ് നോറോ വൈറസ്. അമേരിക്കയിലെ ഓഹിയോയിലെ നോര്‍വാക്കിലെ സ്‌കൂളില്‍ 1972ലുണ്ടായ നോര്‍വാര്‍ക്ക് പകര്‍ച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോ വൈറസ് എന്ന പേര് ലഭിച്ചത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. അതിനാല്‍ ശൈത്യകാല ഛര്‍ദ്ദി അതിസാര അണുബാധ എന്നൊരു പേരു കൂടി ഈ രോഗത്തിനുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധയുണ്ടാവാം.


ലക്ഷണങ്ങള്‍

ഛര്‍ദ്ദി, മനംപുരട്ടല്‍, വയറിളക്കം, വയറുവേദന, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണു രോഗലക്ഷണങ്ങള്‍. വൈറസ് ശരീരത്തില്‍ കടന്ന് രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. പ്രതിരോധം എങ്ങനെ? കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ് നോറോ വൈറസ്.


വ്യക്തിശുചിത്വം പ്രധാനമാണ്. ആഹാരത്തിനു മുന്‍പും ടോയ്‌ലറ്റില്‍ പോയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡെങ്കിലും നന്നായി കഴുകണം. കിണര്‍, മറ്റു കുടിവെള്ള സ്രോതസുകള്‍, വെള്ളം ശേഖരിയ്ക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും വൃക്തിശുചിത്വത്തിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും പലതവണ കഴുകി വേണം ഉപയോഗിക്കാൻ. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. കടല്‍ മത്സ്യങ്ങൾ, ഞണ്ട്, കക്ക തുടങ്ങിയവ നന്നായി പാകം ചെയ്തു മാത്രമേ കഴിക്കാവൂ.

RELATED STORIES