ഇന്ത്യന്‍ ഭൂപ്രദേശത്തെ ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാന്‍ നേപ്പാൾ; പ്രതികരിച്ച് ഇന്ത്യ

ഇന്ത്യയുടെ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

നേപ്പാളിന്റെ നീക്കം സ്ഥിതിഗതികളിലോ യഥാര്‍ഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. നേപ്പാളുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെ അവര്‍ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ചില നീക്കങ്ങള്‍ നടത്തുകയാണ്, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഭുവനേശ്വറില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

വെള്ളിയാഴ്ചയാണ് ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പ്പെടുത്തി പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 100 രൂപാ നോട്ട് റീ ഡിസൈന്‍ ചെയ്യാനും പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു യോഗത്തില്‍ തീരുമാനിച്ചതെന്ന് പ്രചണ്ഡ സര്‍ക്കാരിന്റെ വക്താവ് രേഖ ശര്‍മ അറിയിച്ചു.

2020 ജൂണ്‍ 18-ന് ഭരണഘടന ഭേദഗതി ചെയ്ത് നേപ്പാള്‍ അവരുടെ രാഷ്ട്രീയഭൂപടം പുതുക്കിയിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ഇത്. നേപ്പാളിന്റെ നടപടിയെ ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും വിമര്‍ശിച്ച ഇന്ത്യ, നീക്കത്തെ സാധൂകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. 1850 കിലോമീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി. സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നത്.

RELATED STORIES