ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് യോജിച്ച ആളല്ലെന്ന് പി.ജെ. കുര്യന്‍

തരൂരിനെ ലോക്‌സഭയില്‍ പാര്‍ട്ടി ലീഡറാക്കാമെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവെ കുര്യന്‍ പറഞ്ഞു. സംഘടനയിലൂടെ വളര്‍ന്നുവന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തരൂര്‍ സാമൂഹിക മാധ്യമങ്ങളില്‍ ജീവിക്കുന്ന നേതാവാണ്. അതിനാല്‍ തന്നെ യുവജനങ്ങളുടെ പിന്തുണ സ്വാഭാവികമാണ്. ഇന്ത്യ എന്നാല്‍ യുവജനങ്ങള്‍ മാത്രമുള്ള രാജ്യമല്ല. കര്‍ഷകനും നിരക്ഷരനും തങ്ങളുടെ നേതാവായി തോന്നുന്ന ആളാകണം എഐസിസി അധ്യക്ഷന്‍ ആവേണ്ടത്. ബുദ്ധിവൈഭവം നോക്കി തിരഞ്ഞെടുക്കേണ്ട സ്ഥാനമല്ല ഇത് എന്ന് കുര്യൻ പറഞ്ഞു.


കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയെന്നറിയില്ലെന്ന് തരൂര്‍ പ്രതികരിച്ചു. സുധാകരനെ നേരില്‍ കണ്ട് സംസാരിക്കും. വലിയ നേതാക്കളില്‍ തനിക്ക് പ്രതീക്ഷയില്ലെങ്കിലും യുവനിരയുടെ പിന്തുണയുണ്ട്. യുവനേതാക്കളും ജനപ്രതിനിധികളും രഹസ്യമായും പരസ്യമായും പിന്തുണ അറിയിക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. പിസിസി അധ്യക്ഷന്മാര്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലര്‍. സര്‍ക്കുലര്‍ കെപിസിസി അധ്യക്ഷന്‍ കണ്ടുകാണില്ല. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കി സംസാരിക്കാതിരിക്കുകയാണ് ഭേദമെന്നും തരൂര്‍ പ്രതികരിച്ചു.

RELATED STORIES