തീർന്നില്ല , പുതിയ പരിഷ്കാരങ്ങൾ !! ലൈസന്‍സ് റദ്ദാക്കല്‍ നടപടിക്കും പുതിയ മാര്‍ഗരേഖ

ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാര്‍ഗരേഖ വരുന്നു. നിലവില്‍ പൊലീസിന്റെ എഫ്.ഐ.ആര്‍ മാത്രം കണക്കാക്കിയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇതുമാത്രം മാനദണ്ഡം ആക്കേണ്ടതില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ വകുപ്പും സ്വതന്ത്ര അന്വേഷണം നടത്തും.

ലൈസന്‍സുകള്‍ താല്‍കാലികമായാണ് സസ്പെന്‍ഡ് ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് മൂന്ന് മാസം മുതല്‍ മുകളിലേക്ക് ഇത് നീളാം. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലൈസന്‍സ് തിരികെ ലഭിക്കണമെങ്കില്‍ കുറെ നടപടിക്രമങ്ങള്‍ പാലിക്കണം.

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യേണ്ട കുറ്റമാണെന്ന് നേരിട്ട് ഉറപ്പാക്കിയിട്ടേ തുടര്‍ നടപടികളിലേക്ക് കടക്കൂ. രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ വലിയ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരേയായിരിക്കും മിക്കവാറും പൊലീസ് എഫ്.ഐ.ആറില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍. അപകടമുണ്ടാക്കിയതും അപകടത്തിനിടയാക്കിയതുമായ സാഹചര്യവും പശ്ചാത്തലവും പലപ്പോഴും പരാമര്‍ശിക്കാറില്ല.

ചെറിയ വാഹനം വന്നിടിച്ചിട്ട് പോയാലും ലൈസന്‍സ് പോകുന്നത് പലപ്പോഴും വലിയ വാഹനം ഓടിച്ച ഡ്രൈവറുടേതാണെന്ന ആക്ഷേപം വ്യാപകമാണ്. കൂടാതെ ചെറിയ കുറ്റങ്ങളിലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നുവെന്ന പരാതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് അപകടക്കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പും സ്വന്തമായി അന്വേഷണം നടത്തുന്നത്. പ്രതിമാസം സംസ്ഥാനത്ത് ആയിരക്കണക്കിന് ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്യുന്നത്.

RELATED STORIES