സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അഭിലാഷിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്
Reporter: News Desk 23-Feb-20241,516
പ്രാഥമിക പരിശോധനയില്‍ വ്യക്തിവൈരാഗ്യമാണ്. രാഷ്ട്രീയ ബന്ധം ഇല്ല. പ്രതി സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗം അഭിലാഷ് തന്നെയാണ്. ആക്രമിച്ചത് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു. അഭിലാഷ് സിപിഎം, ഇടതുപക്ഷ വിരുദ്ധനാണ്. ആറ് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധമില്ല. ക്രിമിനല്‍ വാസന മനസ്സിലാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സത്യനാഥ് സ്‌നേഹത്തോടെ വളര്‍ത്തിയ ആളായിരുന്നു പ്രതിയെന്നും ഇ.പി പറഞ്ഞു.
അഭിലാഷിനെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടിയെടുത്തിരുന്നുവെന്ന് കാനത്തില്‍ ജമീല എംഎല്‍എ പ്രതികരിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് പാലിയേറ്റീവ് കേന്ദ്രത്തില്‍ നിന്ന് സിപിഎം പുറത്താക്കിയിരുന്നു. കൊലപ്പെടുത്താന്‍ മാത്രം വ്യക്തിവൈരാഗ്യത്തിന്റെ കാരണമില്ലെന്നും കാനത്തില്‍ ജമീല പറഞ്ഞു.
പോലീസ് സമഗ്രമായ അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. അഭിലാഷിന് സത്യനാഥിനോടുള്ള വിരോധത്തിന് കാരണമെന്താണെന്ന് അറിയില്ല. അഭിലാഷിനെ ഏഴ് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. അതിനു ശേഷം പാര്‍ട്ടിയുമായി ബന്ധമില്ല. അയാള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും പി. മോഹനന്‍ പ്രതികരിച്ചു.
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് സത്യനാഥനെ അഭിലാഷ് ആക്രമിച്ചത്. തുടര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.