കോട്ടയം മണ്ഡലത്തില്‍ ത്രികോണ മത്സരത്തിനു കളമൊരുക്കി എന്‍.ഡി.എ

സ്ഥാനാര്‍ഥിയാകാന്‍ ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടതു, വലതു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍.ഡി.എയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍.

കോട്ടയം പാര്‍ലമെന്റ് സീറ്റ് ബി.ഡി.ജെ.എസിന് വിട്ടുനല്‍കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും തുഷാറിനു വേണ്ടി രംഗത്തിറങ്ങാന്‍ ബി.ഡി.ജെ.എസ്. കമ്മിറ്റികള്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ലഭിച്ചു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ തുഷാര്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. ഇതോടെയാണ് ഇത്തവണ കോട്ടയം സീറ്റ് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ നാലു സീറ്റാണ് ബി.ജെ.പി. നേതൃത്വം ബി.ഡി.ജെ.എസിന് നല്‍കിയത്. ഇത്തവണ അഞ്ച് സീറ്റ് വേണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ മത്സരിച്ചിരുന്ന കോട്ടയം വിട്ടുകൊടുക്കുന്ന സാഹചര്യത്തില്‍ അധികസീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം.

എന്‍.ഡി.എ. സ്ഥാനാര്‍ഥികൂടി രംഗത്ത് വന്നതോടെ മൂന്നു പ്രധാന മുന്നണികളും സ്ഥാനാര്‍ഥികളെ നേരത്തെ തീരുമാനിച്ച മണ്ഡലമെന്ന പേര് കോട്ടയത്തിനു സ്വന്തം. എന്‍.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് സീറ്റ് നല്‍കിയതോടെ മൂന്നു മുന്നണികളിലെയും ഘടക കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നെന്ന പ്രത്യേകതയും കോട്ടയത്തിനുണ്ട്.

ഇടതുമുന്നണിയാണ് കോട്ടയത്ത് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് എം.പിയായ തോമസ് ചാഴികാടനെയാണ് കേരളാ കോണ്‍ഗ്രസി (എം) ലൂടെ മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്. നിയോഗിച്ചത്. സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥിപ്രഖ്യാപനമായിരുന്നു ചാഴികാടന്റേത്. പിന്നാലെ കേരളാ കോണ്‍ഗ്രസിലെ കെ. ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കി യു.ഡി.എഫും രംഗത്തെത്തി.

RELATED STORIES