ബോംബ് സ്‌ഫോടനം നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രിക്കും ചില കാബിനറ്റ് മന്ത്രിമാര്‍ക്കും അജ്ഞാത സന്ദേശം

ഈമെയില്‍ വഴിയാണ് ഭീഷണിയെത്തിയത്. ശനിയാഴ്ച ബെംഗളൂരുവില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ പറയുന്നത്.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഇ മെയില്‍ ലഭിച്ചത്.

റസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്ഫോടനം നടത്തുക.ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്ഫോടനം നടന്നേക്കാമെന്നും ഇ മെയിലില്‍ പറയുന്നു. സ്ഫോടനത്തില്‍ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചനദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാമേശ്വരം കഫേ സ്ഫോടനം ട്രെയിലറാണെന്നും, അമ്പാരി ഉത്സവ് ബസില്‍ പൊട്ടിത്തെറിയുടെ രണ്ടാമത്തെ ട്രെയിലര്‍ കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഭീഷണിയായി ഇമെയിലില്‍ പറയുന്നു. മാര്‍ച്ച് ഒന്നിന് ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

RELATED STORIES