കടമെടുപ്പ് പരിധിയില്‍ കേന്ദ്രവുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം

വായ്പാ പരിധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവര്‍ത്തിച്ചു. ചീഫ് സെക്രട്ടറി ഡോ. വി .വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് വായ്പാ പരിധി ഉയര്‍ത്തുന്നതില്‍ കേരളം ചര്‍ച്ചക്ക് എത്തിയത്. ഗുരുതര സാമ്പത്തിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കേരളം ചര്‍ച്ച ആരംഭിച്ചത്. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചു 13,600 കോടിയായി വായ്പാ പരിധി പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രം.

19,351 കോടി രൂപയുടെ അധിക വായ്പ അനുമതിയാണ് കേരളം ചോദിച്ചത്. കേന്ദ്രനിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിലപാടാണ് ചര്‍ച്ചയില്‍ ഉടനീളം കേന്ദ്രം പുലര്‍ത്തിയത് .സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു തല്‍ക്കാലത്തേക്ക് വായ്പാ പരിധി ഉയര്‍ത്തണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കോടതിയുടെ അന്തിമ വിധി എതിരായാല്‍ ഇപ്പോള്‍ അനുവദിക്കുന്ന തുക പിന്നീട് തിരികെ എടുക്കാമെന്നും ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചു . ഈ വ്യവസ്ഥയിലും വഴങ്ങാന്‍ കേന്ദ്രം തയാറായില്ല.

RELATED STORIES