കേരളാ പൊലീസ് ആത്മാർത്ഥമായി ഇറങ്ങിയാൽ പിന്നെ രക്ഷയില്ല

കൽപറ്റ : ടെലഗ്രാം വഴി നഗ്‌ന വീഡിയോ കോളും പിന്നാലെയുള്ള പണം തട്ടലും ഇന്ന് വ്യാപകമാണ്. ഇതിനെതിരെ നിരവധി തവണ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും പലരും ഇത്തരം ചതിക്കുഴിയിൽ വീഴുന്നുണ്ട്.

അപരിചിതരുടെ അക്കൗണ്ടുകളിൽ നിന്നും വരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരകളാവുന്നത്.

ഇത്തരത്തിൽ വീഡിയോകോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രാജസ്ഥാൻ സ്വദേശിനി അറസ്റ്റിലായി.

വയനാട് സൈബർ പൊലീസ് ജയ്പുരിൽ ചെന്നാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്.

കേരളാ പൊലീസ് രാജസ്ഥാൻ വരെ എത്തിയപ്പോൾ യുവതി ഞെട്ടിപ്പോയി!!! ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നൽകി. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്.

പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നും ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി, ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്.

RELATED STORIES