സോഫ്ട്‌വെയര്‍ ചതിച്ചു !! കെട്ടിട പെര്‍മിറ്റില്‍ കൂട്ടത്തോടെ പിഴവ്
Reporter: News Desk 19-Mar-20241,437
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് മുതല്‍ നികുതി അടയ്ക്കല്‍ വരെ പ്രതിസന്ധിയില്‍. നഗര മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ പുതുവര്‍ഷത്തില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണം. സോഫ്ട്‌വെയര്‍ തകരാര് രണ്ട് മാസം പിന്നിട്ടിട്ടും പരിഹരിച്ചില്ലെന്നാണ് പരാതി.
അതേസമയം ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് തടസമില്ല. എന്നാല്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് മുതല്‍ നികുതി അടയ്ക്കല്‍ വരെ പ്രതിസന്ധിയിലാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ പെര്‍മിറ്റുകള്‍ക്ക് ഫീസ് അടയ്ക്കല്‍, പ്ലാനുകളുടെ അപാകത പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്.
പെര്‍മിറ്റുകളില്‍ കെട്ടിട ഉടമയുടെ ഒപ്പില്ലെന്ന കാരണത്താല്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നുവെന്നും പരാതിയുണ്ട്. ലൈസന്‍സിയും ഉടമയും ചേര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇരുവരുടെയും ഒപ്പും സ്‌കാന്‍ ചെയ്തു നല്‍കും. പെര്‍മിറ്റ് ലഭിക്കുമ്പോള്‍ ലൈസന്‍സിയുടെ ഒപ്പും കെട്ടിട ഉടമയുടെ ആധാര്‍ നമ്പരും മാത്രമാണുള്ളത്. ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലെന്നും ആക്ഷേപമുണ്ട്.
വഴിതെറ്റുന്ന അപേക്ഷകള്‍ : പ്രധാന പ്രശ്നങ്ങൾ ...
ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കേണ്ട അപേക്ഷകള്‍ മറ്റെവിടേക്കെങ്കിലും പോകുന്നു.
സോണല്‍ ഓഫീസുകള്‍ മാറിയെത്തുന്നു.
അപേക്ഷകളുടെ നിജസ്ഥിതി അറിയാന്‍ കഴിയുന്നില്ല
വീടുകളുടെ നമ്പരും ഉടമകളുടെ പേരുകളും മാറിപ്പോകുന്നു
നേരത്തെ അടച്ച നികുതി വിവരങ്ങള്‍ ലഭ്യമല്ല.
കൂട്ടിച്ചേര്‍ത്ത നിര്‍മ്മാണത്തിന് പുതിയ ടി.സി നല്‍കാനാകില്ല, പഴയ ടി.സി ഉള്‍പ്പെടെ റദ്ദായി പുതിയതാകുന്നു
വ്യാപാര, വാണിജ്യ ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയുന്നില്ല.