പത്തനംതിട്ട മല്ലപ്പള്ളി കെ.എസ്‌ആര്‍.ടി.സി ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കില്‍ : ബസുകള്‍ നിറുത്തലാക്കി ; സര്‍വീസ് വെട്ടിക്കുറച്ചു ; വലഞ്ഞ് യാത്രക്കാര്‍

മല്ലപ്പള്ളി : മല്ലപ്പള്ളി കെ.എസ്‌ആർ.ടി.സി ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കില്‍. മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമെന്നോണം രണ്ടര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ബസ് ഡിപ്പോ നിറുത്തലാക്കുന്നതിന് മുന്നോടിയായാണ് ബസുകള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഒന്നര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ കോട്ടയം - കോഴഞ്ചേരി ചെയിൻ സർവീസ് കാര്യമായി പ്രവർത്തിക്കുന്നില്ല എന്ന പരാതിയുമുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സർവീസ് നിറുത്തിവയ്ക്കുന്നത് യാത്രക്കാരെ വലക്കുന്നുവെന്നാണ് പരാതി. ഈ സമയങ്ങളില്‍ കളക്ഷൻ കുറവാണെന്നതാണ് സർവീസ് നിറുത്തിവയ്ക്കാൻ കാരണമെന്നാണ് അധികൃതരുടെ വാദം.

അതേസമയം,
പാലക്കാട് സ്വിഫ്റ്റ് ബസ് പത്തനംതിട്ട ഡിപ്പോയിലേക്ക് മാറ്റി. രാവിലെ 6ന് മല്ലപ്പള്ളിയില്‍ നിന്ന് തുടങ്ങി പത്തനംതിട്ടയിലേക്കും തിരിച്ച്‌ 7.30ന് മല്ലപ്പള്ളിയിലെത്തി പാലക്കാട്ടേക്കും ഉച്ചയ്ക്ക് 2.40 ന് അവിടെ നിന്നും തിരിച്ച്‌ രാത്രി 9ന് മല്ലപ്പള്ളിയില്‍ എത്തിച്ചേരുന്ന വിധത്തിലായിരുന്നു സർവീസ്. ദിവസങ്ങള്‍ക്കു മുമ്ബാണ് ബസ് പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യാൻ തുടങ്ങിയത്. രാവിലെ മല്ലപ്പള്ളിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുമ്ബോള്‍ കാര്യമായ കളക്ഷൻ ഇല്ലെന്നതാണ് ബസ് കൊണ്ടുപോകുവാൻ കാരണമെന്നാണറിയുന്നത്.

1998 ല്‍ തുടങ്ങിയ ബസ് സ്റ്റേഷനില്‍ 2023 മേയ് മാസത്തിലാണ് സ്വിഫ്റ്റ് ലഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന സൂപ്പർഫാസ്റ്റിന് പകരമാണ് സ്വിഫ്റ്റ് ഓടി തുടങ്ങിയത്. പിന്നീട് സൂപ്പർഫാസ്റ്റ് നിലമ്ബൂരിന് പുതുതായി സർവീസ് തുടങ്ങുകയും ചെയ്തു. ഈ ബസും ഏതാണ്ട് സർവീസ് നിലച്ച സ്ഥിതിയിലാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ മാത്രം ഓടിയാല്‍ മതിയെന്ന് ബന്ധപ്പെട്ടവർക്ക് ഉന്നത അധികാരികളുടെ അറിയിപ്പ് ലഭിച്ചതായി സൂചനയുണ്ട്.

RELATED STORIES