ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു
Reporter: News Desk 25-Mar-20241,326
വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.
കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.
മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.
30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.
പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.