ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും 4.5 ലക്ഷവും കവർന്നു : പ്രതികളെ രാജസ്ഥാനിലെത്തി പൊക്കി പോലീസ്

ആറ്റിങ്ങൽ: പട്ടാപ്പകൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവന്റെ ആഭരണങ്ങളും 4.5 ലക്ഷം രൂപയും കവർന്ന കേസിൽ രാജസ്ഥാൻ സ്വദേശികളായ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാൻ കേക്കരി ജില്ലയിൽ ഭിനായി ഗ്രാമത്തിൽ ഒളിവിൽക്കഴിഞ്ഞിരുന്ന കിഷൻലാൽ ബഗാരിയ (20), സൺവർലാൽ ബഗാരിയ (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ വലിയകുന്ന് കോസ്‌മോ ഗാർഡൻസിൽ ദന്തൽസർജനായ ഡോ. അരുൺ ശ്രീനിവാസിന്റെ വീട്ടിൽ ഈ മാസം ആറിനാണ് മോഷണം നടന്നത്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി കുടുംബാംഗങ്ങളെല്ലാം ആറിന് രാവിലെ വർക്കലയിലേയ്ക്ക് പോയിരുന്നു. രാത്രി 9.15-നാണ് തിരിച്ചെത്തിയത്. അപ്പോഴാണ് വീട് കുത്തിത്തുറന്ന് കൊള്ളനടന്നതായും അറിയുന്നത്.

ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ജില്ലാപോലീസ് മേധാവിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതികളിലേയ്‌ക്കെത്തിച്ചത്.

റോഡിലും ഉത്സവസ്ഥലങ്ങളിലുമെല്ലാം കളിപ്പാട്ടങ്ങൾ വില്‍ക്കാന്‍ നടക്കുന്ന സംഘത്തിലെ ചിലർ സംഭവദിസവം പ്രദേശത്ത് ചുറ്റിനടന്നിരുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. അന്വേഷണം നടത്തുന്നതിനിടെ വെഞ്ഞാറമൂട്ടിൽ തമ്പടിച്ചിരുന്ന ചിലർ രാജസ്ഥാനിലേയ്ക്ക് കടന്നതായി വിവരം ലഭിച്ചു. തുടർന്ന് ആറ്റിങ്ങൽ എസ്.ഐ. ആദർശിന്റെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ രാജസ്ഥാനിലെത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.

RELATED STORIES