മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് പത്തനംതിട്ട അടൂര്‍ പട്ടാഴിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഹാഷിമിന്റെ അച്ഛന്‍ ഹക്കിം

മകന് നല്ല മനക്കരുത്താണെന്നും നാട്ടിലെ പൊതുകാര്യങ്ങളില്‍ ഇടപെടുന്ന ആളാണെന്നും ഹക്കിം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു ഫോണ്‍ വന്ന ശേഷമാണ് ഹാഷിം വീട്ടില്‍ നിന്നിറങ്ങിയത്. ഉടന്‍ മടങ്ങിവരുമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് അപകടം നടന്നു എന്നറിഞ്ഞു. അനുജയെ തങ്ങള്‍ക്ക് അറിയില്ലെന്നും ഹക്കിം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അടൂര്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവര്‍ മരിച്ചത്. അപകടത്തില്‍ ദുരൂഹത നിലനില്‍ക്കെയാണ് ഹാഷിമിന്റെ അച്ഛന്റെ പ്രതികരണം.

സഹ അധ്യാപകര്‍ക്കൊപ്പം ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

അനുജയെ തങ്ങള്‍ സഞ്ചരിച്ച വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സഹ അധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാര്‍ എതിര്‍ ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഹാഷിമും അനുജയും ഏറെകാലമായി സുഹൃത്തുക്കളായിരുന്നുവെന്നാണ് അറിയുന്നത്.

സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബിസിനസുകാരനാണ് അനുജയുടെ ഭര്‍ത്താവ്.

പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

RELATED STORIES