കനൽവഴിയിലൂടെ ഒരു സൈക്കിൾ സഞ്ചാരി; മനുഷ്യ സ്നേഹത്തിൻെറ ആൾ രൂപമായി ഫിലിപ്പോസ് ഉപദേശി
Author: വർഗീസ് ചാക്കോ എഡിറ്റർ, ക്രൈസ്തവചിന്ത email:johnygilead@gmail.comReporter: News Desk 05-Apr-2024
1,639
വിശന്ന് ആരും ഇതുവഴി കടന്നുപോകരുത് .അടിയന്റെ പക്കൽ ഉള്ളത് എന്തെങ്കിലും അല്പം കഴിച്ചേ പോകാവൂ”.ഇത് കരുതലിന്റെ വാക്കായി നിൽക്കുമ്പോൾ, തന്റെ വീട്ടിലെത്തി മോഷണം നടത്തിയവരോട് പോലും നേർവഴിയുടെ സന്ദേശം വീടിന് മുന്നിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയനാവുകയാണ് സൈക്കിൾ ഉപദേശി.
ഇത് ഒരു നേരത്തെ ആഹാരത്തിന്റെയോ പണം നഷ്ടപ്പെട്ടുപോയ ഒരാളുടെ വിഭ്രാന്തിയിലോ ചെയ്തു പോയ കാര്യമല്ല. ഇല്ലായ്മയിലൂടെ കടന്നുപോയി, മനുഷ്യസ്നേഹത്തിന്റെ മാതൃകയായി മാറിയ എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്ന ക്രിസ്തുവിൻെറ ഉത്തമ സന്ദേശവാഹകൻ… അതാണ് ‘സൈക്കിൾ ഉപദേശി !’.
കന്യാകുമാരി മുതൽ കാശ്മീർ വരെയും മറ്റ് മൂന്ന് ഏഷ്യൻ രാജ്യങ്ങളിലും സൈക്കിളിൽ സഞ്ചരിച്ച് സുവിശേഷത്തിന്റെ സന്ദേശ വാഹകനായ ഫിലിപ്പോസ് ഉപദേശി .
ക്രിസ്തുസ്നേഹത്തിലൂടെ ലോക ജനതയെ ഒന്നായി കാണുന്ന വ്യക്തി.
ഒരു മനുഷ്യൻ ജീവിതത്തിലെ അനുഭവങ്ങളെ കൂമ്പാരമായി കൂട്ടിയിട്ടാൽ അതിൽ പലതിനും രാത്രിയുടെ നിറമായിരിക്കും. എന്നാൽ ചിലതിനൊക്കെ പകലിന്റെ പ്രകാശവും ഉണ്ടാവും .പൗലോസ് ഒനേസിമോസിനോട് കാണിച്ച സ്നേഹം പകൽപോലെ പ്രകാശം ഉള്ളതായിരുന്നു.
വീട്ടിൽ കയറി മോഷ്ടിച്ച കള്ളനോട് അദ്ദേഹം കാട്ടിയ സമീപനം പത്ര-ദൃശ്യ മാധ്യമങ്ങളിലും ചർച്ചയായിരുന്നു. മോഷണം നടന്ന ശേഷം തന്റെ വീടിനു മുന്നിൽ ഒരു ബോർഡ് വെച്ചു. ഈ സംഭവം വളരെ വേഗം വൈറലായി. ഈ വാർത്തയുടെ അലയൊലി വിഷ്ണു എന്ന യുവ സംവിധായകനെ സ്പർശിച്ചു. സൈക്കിൾ ഉപദേശിയുടെ ജീവിതാനുഭവങ്ങളെ പശ്ചാത്തലമാക്കി ഒരു ടെലിഫിലിം നിർമ്മിച്ചു. ആ ഡോക്ക്മെൻ്ററിക്ക് ‘ഇതിവൃത്തം’ എന്ന പേരും നൽകി. നിങ്ങൾ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തു വിളിക്കും [ലൂക്കോ 19.40].
ഒരു വീട്ടിൽ മോഷണം നടന്നാൽ പോലീസിൽ പരാതിപ്പെടുക എന്നുള്ളതാണ് നടപടിക്രമം. എന്നാൽ സൈക്കിൾ ഉപദേശി ചെയ്തത് ഒരു ബോർഡ് എഴുതി വീടിന് മുന്നിൽ തൂക്കിയിട്ടു. ആ ബോർഡിലെ വാക്കുകൾ ഇപ്രകാരമായിരുന്നു.
”കള്ള സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. താഴുപൊട്ടിക്കരുത്. ഞാൻ വീട് തുറന്നു തരാം. എല്ലാ മാസവും മകനെ ഡോക്ടറെ കാണിക്കാൻ 4500 രൂപ സ്വരൂപിക്കാറുണ്ട്. അത് എടുക്കരുത്. ബാക്കി എന്തുവേണമെങ്കിലും എടുക്കാം. വിരോധമില്ല, പോലീസിൽ പരാതികൊടുക്കില്ല. മാനസാന്തരപ്പെട്ടാൽ ദൈവം നിനക്ക് ഇതിലും മാന്യമായ ജോലി തരും.” ദൈവം നിങ്ങളേയും സ്നേഹിക്കുന്നു [യോഹ 3:16].
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ബോർഡ് എഴുതിവെച്ചതെന്ന് മീഡിയ പ്രവർത്തകരുടെ ചോദ്യത്തിന് ഉപദേശിയുടെ ഉത്തരം “എത്രയോ കഷ്ട, നഷ്ട, ശോധനകളെ തരണം ചെയ്താണ് ഒരു ക്രിസ്ത്യാനി വൃദ്ധൻ ആകുന്നത്. അപ്പോഴേക്കും ഇത്തരം തിന്മകളെ കർത്താവിൻെറ മനസ്സോടെ കാണാനും, പ്രതികരിക്കാനുമുള്ള ശേഷി അയാൾക്ക്, ദൈവത്തിൻെറ കൃപയാൽ പ്രാപിച്ചിരിക്കും. കള്ളന്മാരും, മനുഷ്യരിലെ അവരുടെ ജീവിത സാഹചര്യങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നത് ഇങ്ങനെയാണ്. അതിന് അവസരോചിതമായി നല്ല മനസ്സോടെ നേരിട്ടാൽ പല കള്ളന്മാരും നേരെയാകും.”
വാല്മീകി നേരത്തെ ഒരു കള്ളനും പിടിച്ച് പറിക്കാരനും ആയിരുന്നു. ആ കള്ളൻ സന്യാസിമാരെ ആക്രമിച്ച് അവരുടെ പക്കലുള്ളതെല്ലാം കവർന്ന് എടുക്കാൻ ശ്രമിച്ചു.അവരുടെ കൈയിലാകട്ടെ വിലപിടിപ്പുള്ളതൊന്നും ഇല്ലായിരുന്നുതാനും. എന്നിരുന്നാലും അവരുടെ കൈവശം ഉണ്ടായിരുന്നത് അവർ കൊടുത്തു. എന്നിട്ട് വാല്മീകിക്ക് നല്ലൊരു ഉപദേശവും നൽകി. ആ ഉപദേശമാണ് പിന്നീട് വാല്മീകിയെ നല്ല ഒരു മഹർഷിയാക്കി മാറ്റിയത്.
എവരിഹോം ക്രൂസേഡ്, പ്രിസൺ ഫിലോഷിപ്പ്, എവരിവെയർ ക്രൂസേഡ് എന്നിങ്ങനെ നിരവധി ക്രിസ്തീയ സുവിശേഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഉപദേശി കാൽനൂറ്റാണ്ട് മുമ്പേ ഒരു ചവിട്ട് സൈക്കിളിൽ ഏഷ്യയിലെ നാലു രാജ്യങ്ങളിൽ സുവിശേഷ പ്രചരണാർത്ഥം സഞ്ചരിച്ചു. സുവിശേഷകൻ എന്ന പദത്തിൻ്റെ ചുരുക്കെഴുത്ത് പണ്ടുകാലത്ത് Eva. എന്നായിരുന്നു.
ലക്ഷക്കണക്കിന് ലഘുലേഖ വിതരണം ചെയ്തതിന്റെ അടിയിൽ Evg. സി.വി. ഫിലിപ്പോസ് എന്ന് അച്ചടിച്ച് വിതരണം ചെയ്തതിലൂടെയാണ് Evg. എന്ന ചുരുക്കെഴുത്ത് പ്രചാരത്തിലായത്.
ഉപദേശിയുടെ നീണ്ട 40 വർഷക്കാലത്തെ ഒരു ആഗ്രഹമായിരുന്നു ദിനപത്രത്തിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കണമെന്നത്. എന്നാൽ അത് ആറു മാസങ്ങൾക്കു മുമ്പു മാത്രമാണ് സാധിച്ചത്. വഴിയാത്രയിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ, പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ഒരാൾ ഇതിനാവശ്യമായ സാമ്പത്തിക സഹായം ചെയ്തു.
വലിയ കാര്യങ്ങൾ ആഗ്രഹിച്ച് ഒടുവിൽ എന്നെക്കൊണ്ട് ആവില്ല എന്ന് നിരാശപ്പെട്ട് നെടുവീർപ്പിടുന്നവർ ഓർക്കുക ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല [ലൂക്കോ1:37]. യഹോവയിൽ കഴിയാത്ത കാര്യമുണ്ടോ [ഉല്പത്തി 18:13,14].
ഫിലിപ്പോസ് ഉപദേശിയുടെ മറ്റൊരു ആഗ്രഹമാണ് തൻെറ മൂന്നര വർഷത്തെ ഏഷ്യൻ സുവിശേഷ സൈക്കിൾ യാത്രയിലെ പല അനുഭവങ്ങളും ആനിമേഷൻ ഫിലിം ആക്കണമെന്നുള്ളത്. ദൈവമക്കൾ പ്രാർത്ഥിക്കണം. 80 ശതമാനം വൈകല്യമുള്ള മകനോടൊപ്പം ജീവിക്കുന്ന സൈക്കിൾ ഉപദേശിയുടെ ആഗ്രഹം സഫലീകരിക്കട്ടെയെന്ന് ആശംസിക്കുന്നു. മനുഷ്യൻെറ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്. യഹോവയുടെ ആലോചനയോ നിവൃത്തിയാകും. [സദൃശവാക്യം 19:2].