നഴ്‌സിങ് കോളേജുകളിലെ പരിശോധന ആരോഗ്യമന്ത്രിയെ പ്രകോപിപ്പിച്ചു; കൗൺസിൽ പുറത്ത്

തിരുവനന്തപുരം:മാനേജ്മെന്റുകളുടെ സമ്മർദത്തിനു വഴങ്ങി നഴ്സിങ് കോളേജുകളിൽ നടത്തുന്ന വാർഷിക പരിശോധനകളിൽനിന്ന് നഴ്സിങ് കൗൺസിൽ അംഗങ്ങളെ വിലക്കി ആരോഗ്യവകുപ്പ്. പുതിയനിർദേശം വരുന്നതുവരെ കൗൺസിൽ അംഗങ്ങൾ പരിശോധനയ്ക്കു പോകേണ്ടെന്നാണ് നിർദേശം. മാർച്ച് 18-ന് കൗൺസിൽ അംഗങ്ങളുടെ യോഗംവിളിച്ച് മന്ത്രി വീണാ ജോർജ് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, പരിശോധനയിൽ പ്രാതിനിധ്യം നിയമപരമായ ബാധ്യതയാണെന്നു ചൂണ്ടിക്കാട്ടി കൗൺസിൽ അംഗങ്ങൾ അതിനെ എതിർക്കുകയും പരിശോധന തുടരുകയുമായിരുന്നു. നിയമവശം പരിശോധിക്കാനായി വിഷയം നിയമവകുപ്പിന് വിട്ടതിനിടെയാണ് പുതിയ നിർദേശം.

നഴ്സസ് ആൻഡ് മിഡ് വൈവ്സ് ചട്ടപ്രകാരം കോളേജുകൾ പരിശോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് കൗൺസിൽ അംഗങ്ങൾ വാദിക്കുന്നത്. കൗൺസിലിന്റെ പരിശോധനയ്ക്കെതിരേ ഒന്നിലധികം മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരിശോധനയിൽനിന്ന് കൗൺസിൽ അംഗങ്ങളെ വിലക്കാനാവില്ലെന്നായിരുന്നു കോടതി നിർദേശം.

18-ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദേശമാണ് ഏപ്രിൽ നാലിന് നഴ്സിങ് കൗൺസിൽ രജിസ്ട്രാർക്ക് നൽകിയിട്ടുള്ളതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം. അതിനാൽത്തന്നെ പെരുമാറ്റച്ചട്ടലംഘനമില്ലെന്നും അവർ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇത്തരം തീരുമാനങ്ങളും നിർദേശങ്ങളും ഇറക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതിവാങ്ങേണ്ടതുണ്ട്.

ആവശ്യത്തിന് അധ്യാപകരും സൗകര്യങ്ങളും ഇല്ലാത്തതും പലപേരിൽ തുക ഈടാക്കുന്നതുമടക്കം പരാതികളുടെ കൂമ്പാരമാണ് പരിശോധനയ്ക്കിടെ വിദ്യാർഥികളും മറ്റും കൗൺസിൽ അംഗങ്ങൾക്കുമുന്നിൽ നിരത്താറുള്ളത്.

RELATED STORIES