ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍

മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവരാണ് പിടിയിലായത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും.

വ്യാജപേരുകളില്‍ കൊല്‍ക്കത്തയില്‍ ഒളിച്ചുകഴിയുകയായിരുന്ന ഇരുവരേയും പശ്ചിമബംഗാളില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പുലര്‍ച്ചെ ഇവരെ കൊല്‍ക്കത്തയില്‍ എത്തിയ എന്‍ഐഎ സംഘം പിടികൂടുകയായിരുന്നു.

പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാന്‍ കേരള, കര്‍ണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

പദ്ധതിയുടെ ബുദ്ധികേന്ദ്രം താഹയും സ്‌ഫോടകവസ്തു വെച്ചത് ഷസീബ് ആണെന്നും പോലീസ് പറഞ്ഞു. നേരത്തേ രാമേശ്വരം കഫേയില്‍ മാര്‍ച്ച് 1 നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസില്‍ സംശയിക്കുന്നവരുടെ വിവരം നല്‍കുന്നവര്‍ക്ക് നേരത്തേ എന്‍ഐഎ പത്തുലക്ഷം രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

കര്‍ണാടകയിലെ ബസുകളില്‍ ഇവര്‍ സഞ്ചരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എന്‍ഐഎ ഇവരുടെ പലരീതിയിലുള്ള ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു.


RELATED STORIES